നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകനും സിനിമാനിർമാണ കമ്പനി യഷ് രാജ് ഫിലിംസിന്റെ ചെയർമാനുമായ ആദിത്യ ചോപ്രയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ 4 മണിക്കൂർ നീണ്ടു. 2 അഭിഭാഷകരുടെ കൂടെയാണ് ആദിത്യ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന സിനിമയുടെ വിജയത്തിനുശേഷം യഷ് രാജ് ഫിലിംസുമായി 3 സിനിമകൾക്കു സുശാന്ത് കരാർ ഒപ്പിട്ടിരുന്നു. ഇതിൽ ശേഖർ കപൂർ സംവിധാനം ചെയ്യാനിരുന്ന ‘പാനി’ എന്ന സിനിമ നിർമാതാക്കൾ അവസാന നിമിഷം പിൻമാറിയതിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇത് സുശാന്തിനെ മാനസികമായി തളർത്തിയിരുന്നു എന്നാണ് ആരോപണം.
കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ, സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി എന്നിവർ ഉൾപ്പെടെ മുപ്പതോളം പേരെ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തു. സുശാന്തിനെ ചികിത്സിച്ചിരുന്ന സൈക്യാട്രിസ്റ്റിന്റെ മൊഴി വെള്ളിയാഴ്ച എടുത്തിരുന്നു.
കഴിഞ്ഞ മാസം 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നു മുൻ കാമുകിയും നടിയുമായ റിയ ചക്രവർത്തി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക