പാലക്കാട് ജില്ലയിൽ ആശങ്ക പടർത്തി പട്ടാമ്പി. പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ 81 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. ബാക്കിയുള്ള 14 പേരിൽ 11 പേർ വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് പേർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരിൽ ആറു വയസുകാരിയായ മാത്തൂർ സ്വദേശിയും ഉൾപ്പെടും. പുറമെ ജില്ലയിൽ 11 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിനു പുറമെ തിരുമിറ്റക്കോട് സ്വദേശിക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്കത്തിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായിരിക്കുന്നത്. ആകെ 525 പേർക്കാണ് കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും മാർക്കറ്റ് കേന്ദ്രീകരിച്ചും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്. കൂടാതെ പാലക്കാട് വലിയങ്ങാടിയിൽ ജൂലൈ 22 ന് രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ പരിശോധന നടത്തും. പുതുനഗരം മത്സ്യമാർക്കറ്റിലും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക