പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആരംഭിക്കാനിരിക്കെ പ്രിയതാരം മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലായി. ലോക്ഡൗൺ കാലത്തെ താടി വളർത്തിയ ലുക്കിൽ നിന്ന് ‘ജോർജ്കുട്ടി’ ലുക്കിലേക്ക് മാറിയിരിക്കുകയാണ് താരമിപ്പോൾ. ക്ലീൻ ഷേവ് ചെയ്ത ലാലേട്ടന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
താടി നീട്ടി വളർത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ മേക്കോവറും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വിട്ടത്. പ്രമുഖ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജിയുടെ പരസ്യ ചിത്രീകരണത്തിന് എത്തിയപ്പോൾ പകർത്തിയതാണ് ചിത്രങ്ങൾ.
ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിക്കുന്നത്. ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് അണിയറക്കാർ പറയുന്നത്. ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു സിനിമ. രണ്ടാം ഭാഗവും ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക