“എന്റെ ആദ്യത്തെ കാർ ഒരു മാരുതി 800 ആയിരുന്നു. നിർഭാഗ്യവശാൽ, അത് ഇപ്പോൾ എന്റെ പക്കലില്ല. ആ കാറിനെ വീണ്ടും എന്നോടൊപ്പം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഞാൻ ഈ പറയുന്നത് കേൾക്കുന്ന ആളുകൾ, ആ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണം…” ഇതായിരുന്നു സച്ചിന്റെ വാക്കുകള്‍.
സച്ചിന്റെ കാറുകളോടുള്ള അഭിനിവേശവും അദ്ദേഹത്തിന്റെ കാറുകളുടെ ശേഖരവുമൊക്കെ എല്ലായ്പ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ബാല്യകാലത്ത് ബാന്ദ്രയിലെ തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്നും സഹോദരനോടൊപ്പം മണിക്കൂറുകളോളം തെരുവിലെ വിദേശ കാറുകളെ നോക്കിനിന്നിരുന്നതും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
“ഞങ്ങളുടെ വീടിനു സമീപം ഒരു വലിയ ഓപ്പൺ ഡ്രൈവ് ഇൻ മൂവി ഹാൾ ഉണ്ടായിരുന്നു, അവിടെ ആളുകൾ അവരുടെ കാറുകൾ പാർക്ക് ചെയ്യുകയും അതിൽ ഇരുന്ന് സിനിമ കാണുകയും ചെയ്തിരുന്നു. അപ്പോള്‍ ഞാനും സഹോദരനോടൊപ്പം ഞങ്ങളുടെ ബാൽക്കണിയിൽ മണിക്കൂറുകളോളം ആ കാറുകൾ കാണാറുണ്ടായിരുന്നു..” അദ്ദേഹം ഓര്‍ക്കുന്നു.
ബിഎംഡബ്ലിയു ബ്രാൻഡ് അംബാസിഡര്‍ കൂടിയായ സച്ചിൻ ടെണ്ടുൽക്കറുടെ ഗാരേജിൽ കാറുകളുടെ ഒരു വ്യത്യസ്ത ശേഖരം തന്നെയുണ്ട്. ഫെറാരി ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികള്‍ സമ്മാനമായി നല്കിയ സൂപ്പര്‍ കാറുകളും ബിഎംഡബ്ല്യു ഐ8 സെവൻസ് തുടങ്ങി നിരവധി ആഡംബരകാറുകളും സച്ചിന്റെ ഗാരേജിലുണ്ട്. എങ്കിലും സ്വന്തം വിയര്‍പ്പിന്റെ വില മുടക്കി വാങ്ങിയ ആദ്യ കാറിനോടുള്ള വൈകാരിക അടുപ്പം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഈ കാര്‍ സ്വന്തമാക്കാനുള്ള തുക ഏറെനാളുകള്‍ കൊണ്ടാണ് അദ്ദേഹം അന്നു സ്വരുക്കൂട്ടിയതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക