ബോളിവുഡിലെ പ്രമുഖനായ അനുരാഗ് കശ്യപിനെതിരായ ലൈംഗികാരോപണം ചലച്ചിത്രമേഖലയെ പിടിച്ചുകുലുക്കുന്നു. ട്വിറ്ററിലൂടെയാണ് നടി പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രിയെ ടാഗ് ചെയ്തുള്ള ട്വീറ്റ് വന്നയുടൻ ദേശീയ വനിതാകമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ചെയ്തു.
“അനുരാഗ് കശ്യപ് അയാളുടെ ഇംഗിതത്തിന് വഴങ്ങാൻ എന്നെ നിർബന്ധിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്റെ ജീവൻ അപകടത്തിലാണ്, ദയവായി സഹായിക്കുക”- നടി പായൽ ഘോഷ് ട്വിറ്ററിൽ എഴുതിയതാണിത്.
കുറച്ച് ദിവസമായി ട്വിറ്ററിൽ കശ്യപുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന നടി കങ്കണ റണൗത്തും പായൽ ഘോഷിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു, “എല്ലാ ശബ്ദവും പ്രധാനമാണ്”- പായൽ ഘോഷിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കങ്കണ പറഞ്ഞു.
ടിവി താരമായ പായൽ ഘോഷ് അടുത്തിടെയാണ് ഒരു ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായത്. ‘പട്ടേൽ കി പഞ്ചാബി ഷാഡി’ എന്ന ചിത്രത്തിൽ പരേഷ് റാവലിന്റെ മകൾ പൂജ പട്ടേലായി പായൽ ഘോഷ് വേഷമിട്ടു. 2017 സെപ്റ്റംബർ 15 ന് റിലീസ് ചെയ്ത ചിത്രത്തിൽ അന്തരിച്ച റിഷി കപൂർ, വീർ ദാസ് എന്നിവരും അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക