തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും. ശിവശങ്കറിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ കസ്റ്റംസിനെ അറിയിച്ചത്.
ഇസിജിയിൽ വ്യത്യാസമുള്ളതുകൊണ്ടാണ് ആൻജിയോ ഗ്രാം നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതിനുശേഷം ഡോക്ടർമാർ ശിവശങ്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടർനടപടികൾ സ്വീകരിക്കുന്നത്. കാർഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. എത്രനാൾ ഇവിടെ അദ്ദേഹം തുടരുമെന്നതിൽ വ്യക്തതയില്ല.
ഇന്നലെ വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശിവശങ്കറിന്റെ ആരോഗ്യനിലയെ കുറിച്ച് ഇന്ന് വിശദമായ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കും.
സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായകവിവരങ്ങൾ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാൽ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോൾ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാൽ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കിൽ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക