സംവരണ വിഷയത്തിൽ പ്രതികരണവുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുന്നോക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നടപ്പാക്കിയ 10 ശതമാനം സാമ്പത്തികസംവരണത്തിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തരവിലെ വ്യവസ്ഥകൾ മറ്റ് സംവരണ വിഭാഗങ്ങൾക്ക് നൽകുന്നതിൽനിന്നും വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണ്.
സംവരണം 2020 ജനുവരി മൂന്നുമുതൽ പ്രാബല്യത്തിൽ വരുത്തണം. അന്നുമുതൽ നടത്തിയ നിയമന ശുപാർശകളും നിയമനങ്ങളും പുനഃക്രമീകരിച്ച് സംവരണേതര വിഭാഗങ്ങൾക്ക് ഇക്കാലയളവിൽ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ ലഭ്യമാക്കണം. ഏതെങ്കിലും നിയമനവർഷത്തിൽ സംവരണത്തിന് അർഹരായവരില്ലെങ്കിൽ അവ മാറ്റിവച്ച്, രണ്ട് തവണയെങ്കിലും പ്രത്യേകവിജ്ഞാപനം ഇറക്കി അർഹരായ ഉദ്യോഗാർഥികൾക്ക് നൽകണം.
സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10 ശതമാനം ലഭിക്കുമെന്നതിനാൽ ടേണുകൾ യഥാക്രമം 3, 11, 23, 35, 47, 59, 63, 75, 87, 99 എന്നിവയാക്കണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക