ചെന്നൈ: വിജയിയുടെ മാസ് മസാല പടങ്ങള്‍ക്ക് കിട്ടുന്ന വരവേല്‍പ്പാണ് മാസ്റ്ററിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിപാവലിക്ക് പുറത്തിറക്കിയ ടീസര്‍ 16 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 16 ലക്ഷം പേര് കണ്ടിരുന്നു. 1,60,000 ലൈക്കും ലഭിച്ചു. അങ്ങനെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇഷ്ടപ്പെട്ട ടീസറിന്റെ പട്ടികയിലേക്ക് മാസ്റ്റര്‍ ഉയര്‍ന്നു.
വിജയ് സിനിമകളുടെ ട്രെയിലറിനും ടീസറിലും സമൂഹമാധ്യമങ്ങളില്‍ വലിയ വരവേല്‍പ്പാണ് സാധാരണ ലഭിക്കുന്നത്.
വിജയ്, വിജയ് സേതുപതി ടീം ആദ്യമായി ഒന്നിച്ച ചിത്രമാണ് മാസ്റ്റര്‍. ദീപാവലിക്ക് ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞിരുന്നത്. നവംബര്‍ 10ന് തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറക്കുമെന്ന് സര്‍ക്കാരും പ്രഖ്യാപിച്ചതോടെ ആരാധകരുടെ ആവേശം വാനോളം ഉയര്‍ന്നിരുന്നു.
എന്നാല്‍ തിയേറ്റര്‍ തുറന്നാല്‍, കോവിഡ് കാരണം ജനം പഴയപോലെ ഇരച്ചുകയറുമോ എന്ന ആശങ്ക നിര്‍മാതാവിനും സംവിധായകനും ഉണ്ടായി. തുടര്‍ന്ന് അടുത്തവര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. 2021 ജനുവരിയിലാണ് പൊങ്കല്‍.
വിജയ് നായകനും വിജയ് സേതുപതി വില്ലനായും എത്തുന്ന ചിത്രം രണ്ട് പേരുടെയും ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും സിനിമാ വ്യവസായത്തിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മലയാളിയായ ക്യാമറാമാന് കെ.യു മോഹനന്റെ മകള്‍ മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലോകേഷ് കനകരാജാണ് സംവിധായകന്. മാസ്റ്ററിന് ശേഷം ലോകേഷ് കമല്‍ ഹാസനെ നായകനാക്കിയാണ് സിനിമ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക