കണ്ണൂരിൽ അന്തർസംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. ഉത്തർപ്രദേശ് മിർസാപൂർ സ്വദേശി പ്രവീണ്‍ കുമാര്‍ (30) ആണ് പിടിയിലായത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കണ്ണൂരിലെ കൃഷ്ണമേനോൻ വനിതാ കോളജിലെ അധ്യാപികയാണ് തട്ടിപ്പിനിരയായത്. അധ്യാപികയുടെ അക്കൗണ്ടിൽനിന്ന് രണ്ടു ഘട്ടങ്ങളിലായി 9 ലക്ഷം രൂപയാണ് പ്രവീൺ കുമാറും സംഘവും തട്ടിയെടുത്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ എന്നത് പരിചയപ്പെടുത്തിയാണ് പ്രതി അധ്യാപികയെ വിളിച്ചത്. ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നതിനാൽ അധ്യാപിക വിശ്വസിക്കുകയും ചെയ്തു.
തുടർന്ന് പ്രതി തന്ത്രത്തിൽ ബാങ്ക് യൂസർ ഐ ഡിയും പാസ്വേർഡും കൈക്കലാക്കുകയായിരുന്നു. കണ്ണൂർ പോലീസ് മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നാലു പേർ ചേർന്നാണ് അധ്യാപികയിൽ നിന്നും പണം തട്ടിയെടുത്തത്.
സംഘത്തിലെ മറ്റ് മൂന്നുപേരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. ഈ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതികൾ അധികം വൈകാതെ പിടിയിലാകുന്ന കരുതുന്നതായി കണ്ണൂർ ഡിവൈ എസ് പി പി പി സദാനന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക