തിരുവനന്തപുരം∙ വർക്കല റെയില്‍വെ സ്റ്റേഷനടുത്ത് പുന്നമൂട് ഗണപതി ക്ഷേത്രത്തിന് സമീപം കൂറ്റന്‍ ആൽമരം കടപുഴകി വീണു. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിലാണ് നൂറിലേറെ വര്‍ഷം പഴക്കമുള്ള ആല്‍മരം ഇന്ന് രാവിലെ കടപുഴകിയത്. ഇടറോഡില്‍ നിന്ന് പ്രധാന പാതയിലേക്ക് നടന്നുവരിയായിരുന്നയാള് ഒാടിമാറിയതു കാരണം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരം വീഴുന്നതിന് നിമിഷങ്ങള്‍ മുൻപ് ഒരുവാഹനവും കടന്നുപോയിരുന്നു.
മരം വീണതിനെത്തുടര്‍ന്ന് വര്‍ക്കല–ഇടവ റോഡ് അടഞ്ഞു. സാധാരണ ദിവസങ്ങളില്‍ ഏറെ വാഹന ഗതാഗതമുള്ള റോഡാണിത്. റോഡിന്റെ മറുഭാഗത്ത് റയില്‍വേ ലൈന്‍ കടന്നുപോകുന്നു. ഗണപതി ക്ഷേത്രത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ല. വര്‍ക്കല പൊലീസും അഗ്നി രക്ഷാസേനയും എത്തി മരം മുറിച്ചുമാറ്റി. നിയുക്ത എംഎല്‍എ വി.ജോയ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക