വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ ദമ്ബതികൾ ഒരുമിച്ച് പാട്ട് പാടുന്ന വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. യുവതി കഴുത്തിൽ ഒരു ധരിച്ചിരുന്ന മാലയാണ് വീഡിയോ വൈറലാകാൻ പ്രധാന കാരണം. മുംബൈയിൽ നിന്നുള്ള ദമ്ബതികളായിരുന്നു വീഡിയോയിൽ.
ഭർത്താവ് ഭാര്യക്ക് വേണ്ടി ഒരു ഗാനം ആലപിക്കുന്നതും മുമ്ബിലുള്ള മേശപ്പുറത്ത് കേക്കുകൾ വച്ചിരിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോയിൽ ബാക്കി എല്ലാം സാധാരണമായിരുന്നെങ്കിലും യുവതി ധരിച്ചിരുന്ന കാൽമുട്ട് വരെ നീളമുള്ള സ്വർണ്ണ താലിമാലയാണ് നെറ്റിസൺസിൻറെ ശ്രദ്ധ പിടിച്ചുപറ്റിയത്.
മാലയുടെ അസാധാരണ വലുപ്പം ഇൻറർനെറ്റിൽ പലരുടെയും കണ്ണ് മഞ്ഞളിപ്പിച്ചു. വീഡിയോ വൈറലാവുകയും ഒരു സംസാര വിഷയമായി മാറുകയും ചെയ്തു. ഒരു കിലോ വരുന്ന താലിമാലയാണിതെന്നാണ് വാർത്തകളിൽ നിറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോൾ ഈ ഒരു കിലോ തൂക്കമുള്ള മാല സ്വർണ മാലയല്ലെന്നും റോൾഡ് ഗോൾഡ് ആണെന്നുമാണ് പുറത്തു വരുന്ന വിവരം.വൈറൽ വീഡിയോ കണ്ട ഭിവണ്ടി പൊലീസ് ഈ വീഡിയോയിൽ കണ്ട ആളെ അന്വേഷണത്തിനായി വിളിച്ചതിന് ശേഷമാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഇന്ത്യാ ടുഡേയിൽ വന്ന ഒരു റിപ്പോർട്ടിൽ, ഈ 1 കിലോ തൂക്കമുള്ള മാല ഭാര്യക്ക് സമ്മാനിച്ച ബാല കോലി എന്നയാൾ, അടുത്തുള്ള ജ്വല്ലറി ഷോപ്പിൽ നിന്ന് 38,000 രൂപയ്ക്ക് വാങ്ങിയ റോൾഡ് ഗോൾഡ് മാലയാണിതെന്നാണ് വെളിപ്പെടുത്തിയത്.
വിവാഹ വാർഷികാഘോഷം സ്പെഷ്യൽ ആയിരിക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് ഇങ്ങനെയൊരു മാല ഭാര്യക്ക് സമ്മാനിച്ചതെന്നാണ് കോലി പൊലീസിനോട് പറഞ്ഞത്.ചോദ്യം ചെയ്ത ശേഷം ഇയാളെ സ്റ്റേഷനിൽ നിന്ന് വിട്ടയക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക