ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. നടന് പൃഥ്വിരാജ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ എല്ലാവരുടെയും നോട്ടം സിനിമ മേഖലയിലെ സൂപ്പര്‍ താരങ്ങളിലേക്കായി.
എന്നാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന താരങ്ങള്‍ ഇതുവരെ സംഭവത്തില്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ പൃഥ്വിരാജ് സൈബര്‍ ആക്രമണത്തിന് ഇരയായപ്പോഴും മമ്മൂട്ടിയോ മോഹന്‍ലാലോ പ്രതികരിച്ചില്ല.
കേരളമാകെ ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചിട്ടും ഒന്നും പറയാത്ത മമ്മൂട്ടിക്ക് ദ്വീപില്‍ നിന്ന് ഒരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. മമ്മൂട്ടിക്ക് ആദ്യ പ്പതിഫലം ലഭിക്കുന്നത് ലക്ഷദ്വീപില്‍ നിന്നാണെന്നാണ് കത്തില്‍ പറയുന്നത്.
ലക്ഷദ്വീപ് സ്വദേശിയും വ്ലോഗറുമായ മുഹമ്മദ് സാദിഖാണ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. മമ്മൂട്ടി തന്നെ മുന്‍പ് ഇതേ കുറിച്ച് എഴുതിയ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായയിരുന്നു സാദിഖിന്റെ കത്ത്.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:
‘അന്ന് ലക്ഷദ്വീപില്‍നിന്നുള്ള ധാരാളം വിദ്യാര്‍ഥികള്‍ മഹാരാജാസില്‍ പഠിച്ചിരുന്നു. അവര്‍ക്കൊരു സംഘടനയുണ്ട്-ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന്. അതിന്റെ ആഭിമുഖ്യത്തില്‍ കോളജില്‍ വെച്ചൊരു പരിപാടി നടന്നു. ദ്വീപിലെ ചില നാടന്കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. അവതരണത്തോടനുബന്ധിച്ച അനൗണ്‍സ്മെന്റ് നടത്തിയത് ഞാനായിരുന്നു. 10 രൂപയും ബിരിയാണിയുമായിരുന്നു പ്രതിഫലം’.
മമ്മൂട്ടി എഴുതിയ ഈ വാചകം എടുത്തുപറഞ്ഞാണ് ആദ്യപ്രതിഫലം സാദിഖ് ഓര്‍മിപ്പിക്കുന്നത്. കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം നില്ക്കുന്ന അവസരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അങ്ങയുടെയും ദുല്‍ഖറിന്റെയും പിന്തുണ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും സാദിഖ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക