പല്ലശ്ശന : മടികൂടാതെ മണ്ണിലിറങ്ങി മരം നടുക, ആരോഗ്യ പ്രവർത്തകർക്ക് മുഖാവരണങ്ങൾ നൽകുക, കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ അരിയും പച്ചക്കറികളും നൽകുക തുടങ്ങി ത്രിമാന പദ്ധതികൾ ആവിഷ്ക്കരിച്ചാണ് പല്ലശ്ശനയിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ പരിസ്ഥിതി ദിനം ആഘോഷിച്ചത്.
ഐക്യരാഷ്ട്ര സംഘടന മുന്നോട്ടു വെച്ചിരിക്കുന്ന ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന സന്ദേശവുമായി പല്ലശ്ശനയിലെ തണൽ നൂറ്റൊന്ന് വൃക്ഷത്തൈകൾ നട്ടാണ് ഇത്തവണ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തണലിന്റെ രക്ഷാധികാരിയായ കെ ഷാജികുമാറിന്റെ നേതൃത്വത്തിലാണ് ത്രിമാന പരിപാടികൾ ആസൂത്രണം ചെയ്തത്. ഡി.എം.എസ്.ബി.എസ്. കാക്കയൂരുമായി കൈ കോർത്താണ് വൃക്ഷത്തൈകൾ നട്ടത്.
ഫലവൃക്ഷങ്ങളും തണൽ വൃക്ഷങ്ങളുമാണ് കുട്ടികളുടെ കൂട്ടായ്മയായ തണൽ നട്ടത്. രണ്ടാംഘട്ടത്തിൽ അരോഗമായ ആവാസവ്യവസ്ഥ എന്ന മുദ്രാവാക്യവുമായി മുൻനിര ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും മുഖാവരണങ്ങളും കയ്യുറകളും നൽകിയാണ് തണൽ മുന്നേറിയത്.
തണലിന്റെ അംഗങ്ങളായ സതീഷ് ആർ, ഗോപാലകൃഷ്ണൻ ആർ എന്നിവർ ചേർന്ന് പല്ലശ്ശന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: നോബിൾ ജെ തൈക്കാട്ടിൽ, ബോബി ഇ ചെറിയാൻ എന്നിവർക്കും കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ എ. എസ്. ഐ. ഷാജു കെ എ എന്നിവർക്ക് മുഖാവരണങ്ങളും കയ്യുറകളും അവരുടെ പ്രസ്തുത സ്ഥാപനങ്ങൾക്കായി കൈമാറി. അടുത്തു നിൽക്കുന്ന ആവശ്യക്കാരെ കാണുക എന്ന ആപ്തവാക്യവുമായി പല്ലാവൂരിലുള്ള കോവിഡ് രോഗികളുടെ ശുശ്രൂഷാ കേന്ദ്രത്തിലേക്ക് പച്ചക്കറികളും അരിയും എത്തിക്കുകയായിരുന്നു മൂന്നാം ഘട്ടം.
ഷാജികുമാർ കെ, ആർ സതീഷ്, ആർ സതീഷ് കുമാർ എന്നിവർ ചേർന്ന് സമാഹരിച്ച അരിയും പച്ചക്കറികളും പല്ലാവൂർ ചിന്മയ വിദ്യാലയത്തിലെ കേന്ദ്രത്തിലെത്തി പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് സായ്രാധയ്ക്കും ബ്ലോക്ക് പഞ്ചായത്തംഗം പി എസ് പ്രമീളയ്ക്കും കൈമാറി. സമൂഹത്തിലേക്ക് ഇറങ്ങി സഹജീവികളുടെ ദൈന്യതകൾ മനസ്സിലാക്കുന്ന കുട്ടികൾ നാടിന് മുതൽക്കൂട്ടാണെന്ന് സായ്രാധ സാധന സാമഗ്രികൾ ഏറ്റുവാങ്ങവെ അഭിപ്രായപ്പെട്ടു.
കെ ഷാജികുമാറിന്റെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത ത്രിമാന പദ്ധതിയിൽ ആർ സതീഷ്, റോബിൻ എസ്, ശിവദാസൻ കെ, ഗോപാലകൃഷ്ണൻ ആർ, അജയ് കൃഷ്ണ, ദിൽജിത് ഡി, അനേക് പി, വേദ് നിരഞ്ജൻ, സിദ്ധാർത്ഥ് എൻ, പി എ ബാലസുബ്രമണ്യം, ദ്യുതി കെ എസ്, പ്രതിഭ പി, ധ്വനി കെ എസ്, സുമി ഷാജി എസ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് തണൽ നടത്തിയ വൃക്ഷത്തെ നടലും ശ്രദ്ധേയമായിരുന്നു. നൂറോളം ഫലവൃക്ഷങ്ങൾ ഇന്ത്യ കണ്ട മികച്ച നേതാക്കന്മരുടെ പേര് കൊടുത്താണ് തൈകൾ കുട്ടികൾ നട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക