തല മുടിയുടെ സംരക്ഷണത്തിന് കൃത്രിമവഴികളേക്കാൾ നല്ലത് നാടൻ രീതികളാണ്. നമ്മുടെ വീട്ടിലുള്ള
പല കൂട്ടുകളും ഉപയോഗിച്ച് നമുക്ക് കേശസംരക്ഷണം സാധ്യമാക്കാം. പാർശ്വഫലങ്ങളോ അമിത
പണച്ചെലവോ ഇല്ല എന്നതാണ് ഇത്തരം രീതികളുടെ പ്രധാന സവിശേഷത. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നാച്യുറൽ രീതികൾക്ക് പ്രാധാന്യം കൂടുതലാണ്.
കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒരു മികച്ച കൂട്ടാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണു മുടി വളരാൻ സഹായിക്കുന്നത്. ഉലുവ എങ്ങനെയെല്ലാം മുടിക്ക് വേണ്ടി ഉപയോഗിക്കാമെന്നു നോക്കാം.
ഉലുവ നന്നായി കുതിർത്തുക. ഇത് അരച്ചു പേസ്റ്റാക്കണം. ഇതിൽ അൽപം ചെറുനാരങ്ങാനീര്
ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി
കൊഴിച്ചിൽ തടയുന്നു. മാത്രമല്ല, മുടിക്കു തിളക്കം ലഭിക്കാനും ഇതു സഹായകരമാണ്.
ഉലുവയും വെളിച്ചെണ്ണും ചേർന്ന മിശ്രിതം മുടി വളരാൻ സഹായിക്കും. വെളിച്ചെണ്ണയിൽ
ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നതു വരെ ചൂടാക്കണം. ഈ ഓയിൽ ചെറുചൂടോടെ മുടിയിൽപുരട്ടി മസാജ് ചെയ്യാം.
കുതിർത്ത് അരച്ച ഉലുവയിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്ത് കലക്കിയെടുക്കുക. ഈ മിശ്രിതം
മുടിയിൽ തേച്ചു പിടിപ്പിക്കണം. അൽപം കഴിയുമ്പോൾ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും
തിളക്കവും വർധിപ്പിക്കും.
കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ പുരട്ടാം. മുടിയുടെ വളർച്ചയെ
സഹായിക്കുമെന്നു മാത്രമല്ല, അകാലനരയെ പ്രതിരോധിക്കാനും ഇത് ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക