തിരുവനന്തപുരം∙ കേന്ദ്രമന്ത്രിസഭാ വികസനത്തിൽ പുതിയ മന്ത്രിയായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സർക്കാർ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി നൽകിയതായി ശോഭാ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അതേസമയം ശോഭയുടെ അഭിനന്ദന പോസ്റ്റിന് താഴെ നിരവധി പേരാണു പ്രതിഷേധവും പരിഹാസവും കലർന്ന രീതിയിൽ പ്രതികണങ്ങളുമായെത്തുന്നത്.
സംസ്ഥാനത്തെ പ്രമുഖരായ ബിജെപി നേതാക്കളെ ഒഴിവാക്കി രാജീവ് ചന്ദ്രശേഖറിന് മന്ത്രിസ്ഥാനം കൊടുത്തത് എന്തിനാണെന്നായിരുന്നു പലരുടെയും ചോദ്യം. അതേസമയം രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള വാർത്താ ചാനലിന് വിലക്ക് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വവും വെട്ടിലായി. പുതിയ കേന്ദ്രമന്ത്രിയെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ബിജെപി നേതാക്കൾ.
പുതിയ കേന്ദ്രമന്ത്രിയായി രാജീവ് ചന്ദ്രശേഖർ ചുമതല ഏറ്റെടുത്തത് ഇന്നലെയാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മലയാള വാർത്താ ചാനലുമായി സഹകരിക്കില്ലെന്നു പ്രസ്താവിച്ചിരുന്നു. കോഴിക്കോട്ട് സംസ്ഥാന പ്രസിഡന്റിന്റെ പത്രസമ്മേളനത്തിൽ നിന്ന് ചാനൽ പ്രതിനിധികളോട് പുറത്തു പോവാൻ പറഞ്ഞതും വിവാദമായിരുന്നു.
ഇത്തരം പ്രശ്നങ്ങളിൽ പാർട്ടി പ്രവർത്തകർ സൈബർ മാധ്യമങ്ങളിൽ പോരാട്ടം നടത്തുന്നതിനിടെയാണ് പുതിയ കേന്ദ്രമന്ത്രിയായി രാജീവിനെ ബിജെപി കേന്ദ്രനേതൃത്വം കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക