സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കളമശ്ശേരിയിൽ ഇരുനില വീട് ചെരിഞ്ഞ് അപകടം. കളമശ്ശേരി കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് അപകടാവസ്ഥയിലായത്.
ഇന്നു രാവിലെ ആറുമണിയോടെ ചെരിഞ്ഞു തുടങ്ങിയ വീട് സമീപത്തെ മറ്റൊരു വീടിനു മുകളിൽ തങ്ങിനിൽക്കുകയായിരുന്നു. ഇരുനില വീടു തകരുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ സമയോജിതമായി ഇടപെട്ടതോടെ വൻ അപകടം ഒഴിവായി.
വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാർ ഇടപെട്ട് പുറത്തെത്തിക്കുകയായിരുന്നു. സംഭവ സമയത്ത് ഗൃഹനാഥൻ രാവിലെ തന്നെ പുറത്തു പോയിരുന്നു. വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. അപകടം നടക്കുമ്പോൾ മെറ്റൽ ഇളകുന്നതിന് സമാനമായ ശബ്ദം ഉണ്ടായിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്. വീടിന് അകത്തുണ്ടായിരുന്ന സാധനങ്ങൾ എടുത്തു നീക്കിയിട്ടുണ്ട്. വീടിന്റെ പഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. തകർന്ന വീടു പൊളിച്ചു നീക്കുന്നതിനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക