കോമഡിയാണോ എന്നു ചോദിച്ചാൽ ആണെന്നു തോന്നും ,അതല്ല, കാര്യമായിട്ടാണോ എന്നു ചോദിച്ചാൽ അതിനും ഉത്തരം ആണെന്നു തന്നെ.നാട്ടകത്തിന് അടുത്ത് കാക്കൂർ ജംക്ഷനിൽ ഷിബു കാക്കനാട് വച്ച
ഫ്ലെക്സ് ബോർഡ് ഇപ്പോൾ നാട്ടിലെങ്ങും പാട്ടാണ്. ‘1990 -91 വർഷം എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം നേടിയ ഷിബു കാക്കനാടിന് നാട്ടകം പൗരാവലിയുടെ അഭിനന്ദനങ്ങൾ’ എന്നൊരു ബോർഡും അതിൽ ഷിബുവിന്റെ പടവുമാണ് കാക്കൂർ ജംക്ഷനിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.അന്നു വയ്ക്കാൻ പറ്റിയില്ല, സോറി എന്നും ബോർഡിൽ എഴുതിയിട്ടുണ്ട് ! ഫ്ലക്സിലെ ഫോട്ടോയിൽ ഷിബുവിനെ കാണുന്നത് ഷർട്ട് ഇടാതെയാണ്. ബോർഡ് കണ്ടവർ ആദ്യം കരുതി ആരെങ്കിലും ഷിബുവിനെ
പരിഹസിക്കാൻ വേണ്ടി വച്ചതാവും എന്ന്. പിന്നെയാണറിഞ്ഞത് വച്ചത് ഷിബു തന്നെയെന്ന്.
ഫ്ലക്സ് ബോർഡ് തരംഗമായതോടെ ആരാണ് ഷിബു കാക്കനാട് എന്ന ചോദ്യമുയർന്നു. ഒടുവിൽ ഷിബു തന്നെ രംഗത്തുവന്ന് ഫ്ലക്സിന് പിന്നിലെ കഥ പറയുകയാണ്. കോട്ടയം നഗരത്തിൽ ഓട്ടോ ഡ്രൈവറായിരുന്നു ഷിബു. ഒരു വർഷം മുൻപ് ലോക്ക്ഡൗൺ വന്നതോടെ ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കിട്ടാതായി . ഇതോടെ കുടുംബം മൊത്തം പട്ടിണിയിലാകുമെന്ന സാഹചര്യം വന്നു.
ഒട്ടും വൈകാതെ ജീവിക്കാൻ പുതിയ വഴി തേടി ഷിബു കാക്കനാട്. പുതിയ ജീവിത മാർഗം തേടിയ ഷിബു മീൻ കച്ചവടം നടത്തിയാണ് ഇപ്പോൾ ജീവിക്കുന്നത്. ജീവിതത്തിനപ്പുറം ഫ്ലക്സിനെ കുറിച്ച് ഷിബു പറയുന്ന കഥ ഇതാണ്. എസ്എസ്എൽസി പരീക്ഷാഫലം സർക്കാർ പുറത്തുവിട്ടതോടെ നാട്ടിലാകെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു.
മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾ ആണ് കൂടുതലും. അതിലും കുറവുള്ളവരുടെയും പലതും ഉയർന്നു വരുന്നുണ്ട്. പക്ഷേ ഫ്ലക്സ് ബോർഡുകളിൽ പലതിലും ജാതി നിഴലിച്ചു നിൽക്കുന്നുണ്ടെന്ന് ഷിബു ചൂണ്ടിക്കാട്ടുന്നു.
എൻഎസ്എസും എസ്എൻഡിപിയും ക്രൈസ്തവ സംഘടനകളും മുസ്ലിം സംഘടനകളും ഒക്കെ പല വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ വച്ചിട്ടുണ്ട്. ഇതാണ് തന്നെ ഇരുത്തി ചിന്തിപ്പിച്ചതെന്ന് ഷിബു പറയുന്നു. ഒരു സാമൂഹിക വിമർശനം എന്ന നിലയിലാണ് താൻ പഴയ എസ്എസ്എൽസി വിജയം ഇപ്പോൾ ആഘോഷിക്കാൻ തീരുമാനിച്ചത് എന്നാണ് ഷിബു പറയുന്നത്.
ഫ്ളക്സിന് വേണ്ടി പണം മുടക്കിയതും അത് സ്ഥാപിച്ചതും താൻ തന്നെയാണെന്നും ഷിബു വെളിപ്പെടുത്തി. നാട്ടകം പൗരാവലി എന്ന പേര് ചേർത്തിട്ടുണ്ട് എങ്കിലും ആ പൗരാവലി താൻ തന്നെയാണെന്നാണ് ഷിബു പറയുന്നത്. എസ്എസ്എൽസി പരീക്ഷയിൽ ആദ്യതവണ വിജയിക്കാനായില്ല, രണ്ടാംതവണയും വിജയിച്ചില്ല, മൂന്നാം തവണ ഫസ്റ്റ് ക്ലാസിന് 3 മാർക്ക് കുറവായിരുന്നു എന്നാണ് ഷിബു പറയുന്നത്. ഷിബുവിന്റെ ട്രോളുകൾ സോഷ്യൽ മീഡിയക്ക് പിന്നാലെ നാട്ടിലാകെ ചർച്ചയാണ്. ഇത്രയും വൈറൽ ആകും എന്ന് ഓർത്തില്ല എന്നാണ് ഷിബു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക