കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ഇന്ത്യൻ എംബസി വീണ്ടും വ്യക്തമാക്കി.
കുവൈത്ത് അംഗീകരിച്ച ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ തന്നെയാണ് കോവിഷീൽഡ് എന്നും വാക്സിൻ എടുത്ത പ്രവാസികൾക്ക് പ്രവേശനം അനുവദിക്കുന്ന മുറക്ക് കോവിഷീൽഡ് എടുത്തവർക്ക് കുവൈത്തിലേക്ക് വരുന്നതിനു തടസ്സമുണ്ടാകില്ലെന്നും എംബസി അറിയിച്ചു.
ഇന്ത്യയിൽനിന്ന് വാക്സിൻ എടുത്തവർ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതുണ്ട്.
ഇങ്ങനെ ചെയ്യുമ്പോൾ കോവിഷീൽഡ് എന്നപേരിലുള്ള സർട്ടിഫിക്കറ്റ് അംഗീകരിക്കുമോ എന്ന ആശങ്ക നിരവധി പ്രവാസികൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംബസി കാര്യങ്ങൾ വ്യക്തമാക്കിയത്.
വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയവരാണ് കുവൈത്ത് ആരോഗ്യമന്ത്രലയത്തിന്റെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടത്. ഇതിനകം ആദ്യ ഡോസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവർക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഫൈനൽ സർട്ടിഫിക്കറ്റ് ചേർക്കാനും വെബ്സൈറ്റിൽ സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക