ദോഹ: യാത്രാ നിബന്ധന പാലിക്കാതെ ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു. 5000 റിയാൽ കൈവശമോ അല്ലെങ്കിൽ തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അതേ വിമാനത്തിൽ തന്നെ തിരിച്ചയച്ചത്. സൗദി അറേബ്യയിലേക്ക് പോകാനെത്തിയവരായിരുന്നു എല്ലാവരും.
വ്യാഴാഴ്ച രാവിലെ കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയവരായിരുന്നു ഇവർ. പണം കൈവശമില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിച്ചില്ല.
പത്ത് മണിക്കൂറോളം വിമാനത്താവളത്തിൽ തന്നെ തടഞ്ഞുവെച്ച ഇവരെ പിന്നീട് രാത്രിയോടെ അതേ വിമാനത്തിൽ തിരികെ അയക്കുകയായിരുന്നു. മടക്കയാത്രയ്ക്ക് 650 റിയാലാണ് എയർഇന്ത്യ എക്സ്പ്രസ് ഈടാക്കിയത്. 2000 റിയാൽ ആവശ്യപ്പെട്ടെങ്കിലും തർക്കത്തിനൊടുവിൽ 650 റിയാലാക്കി കുറയ്ക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
ഓൺഅറൈവൽ വിസയിൽ വരുന്നവരുടെ കൈവശം നിശ്ചിത തുകയുണ്ടാകണമെന്ന നിബന്ധന നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യം യാത്രക്കാർ അറിഞ്ഞിരുന്നില്ല. ട്രാവൽ ഏജൻസിയോ എയർ ഇന്ത്യയോ ഇത് സംബന്ധിച്ച നിർദേശം നൽകിയിരുന്നില്ലെന്നും ഇവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക