കൃഷി ചെയ്യുമ്പോൾ ചെടികളുടെ സംരക്ഷണത്തിനായി പല പല വഴികൾ തേടുന്നവരാണ് നാം. അക്കൂട്ടത്തിൽ പരീക്ഷിക്കാം ചില ജൈവ കീടനാശിനികളെ. ജൈവ കീടനാശിനികൾ വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാം. വലിയ പ്രയാസമില്ലാതെ നിർമിക്കാവുന്ന ജൈവകീടനാശിനികൾ പരിശോധിക്കാം.
1. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം: ഒരു ലിറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം ബാർ സോപ്പ് ലയിപ്പിക്കുക. 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ഇതിൽ ചേർക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരേ തളിക്കാം.
2. വേപ്പിൻ കഷായം: 100 ഗ്രാം വേപ്പില അഞ്ച് ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് തണുപ്പിച്ചശേഷം ചെടികളിൽ തളിച്ചു കൊടുക്കാം. വെണ്ട, വഴുതന തുടങ്ങിയ വിളകൾ നടുന്നതിന് ഒരാഴ്ച മുൻപ് തുടങ്ങി വേപ്പില ചേർത്ത വെള്ളമൊഴിച്ചു കൊടുക്കുന്നത് നിമാവിരകളെ ഒരു പരിധിവരെ നിയന്ത്രിക്കും.
3. പുകയിലക്കഷായം : പുകയില-250 ഗ്രാം, ബാർ സോപ്പ്- 60 ഗ്രാം, വെള്ളം- രണ്ടേകാൽ ലിറ്റർ എന്നിവ ഉപയോഗിച്ച് പുകയിലക്കഷായം തയാറാക്കാം. പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാൽ ലിറ്റർ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം വയ്ക്കുക. അതിനുശേഷം പുകയിലക്കഷ്ണങ്ങൾ പിഴിഞ്ഞ് ചണ്ടിമാറ്റുക. ബാർ സോപ്പ് ചെറിയ കഷ്ണങ്ങളാക്കി കാൽ ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. സോപ്പ് ലായിനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായിനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിക്കാം. മൂഞ്ഞ, മീലിമൂട്ട, ശൽക്കകീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കാം.
4. ഗോമൂത്രം-കാന്താരിമുളക് മിശ്രിതം : ഒരുപിടി കാന്താരി മുളകരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. ഇതിൽ 60 ഗ്രാം ബാർസോപ്പ് ലയിപ്പിച്ച് ചേർത്തിളക്കുക. ഈ മിശ്രിതം 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെറിയ കീടങ്ങൾക്കെതിരേ ഉപയോഗിക്കാം.
5. വെളുത്തുള്ളി-മുളക് സത്ത് : വെളുത്തുള്ളി- 50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം എന്നിവയാണ് ഈ കീടനാശിനി നിർമിക്കാൻ ആവശ്യമായ സാധനങ്ങൾ.
വെളുത്തുള്ളി 100 മി. ലിറ്റർ വെള്ളത്തിൽ കുതിർക്കുക. പിറ്റേ ദിവസം ഈ വെളുത്തുള്ളി തൊലി കളഞ്ഞത് അരച്ച് പേസ്റ്റാക്കുക. ഇതേ പോലെ മുളക് 50 മി.ലിറ്റർ വെള്ളത്തിലും ഇഞ്ചി 100 മി.ലിറ്റർ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നും കൂടി മൂന്ന് ലിറ്റർ വെള്ളത്തിൽ ചേർത്തിളക്കി അരിച്ചു തളിക്കുക. ഇത് തണ്ടുതുരപ്പൻ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക