വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്ന മിക്കവാറും പേരും പതിവായി കഴിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ഇക്കൂട്ടത്തിൽ തന്നെ വലിയൊരു വിഭാഗവും രാവിലെ എഴുന്നേറ്റയുടൻ കഴിക്കുന്ന ചായയ്ക്ക് പകരമായി ഗ്രീൻ ടീയെ കണക്കാക്കുന്നുണ്ട്. എന്നാൽ ഉറക്കമുണർന്ന്, വെറുംവയറ്റിൽ ഗ്രീൻ ടീ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്.
ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന ‘ടാന്നിൻ’ വയറ്റിനകത്തെ ആസിഡ് അംശം വർധിപ്പിക്കുന്നു. ഇത് വയറുവേദനയ്ക്കും ഛർദ്ദിക്കുമെല്ലാം കാരണമാകും. ഈ പ്രശ്നങ്ങൾ പതിവായാൽ അത് ക്രമേണ മലബന്ധത്തിലേക്കും നയിക്കും.
അൾസർ ഉള്ളവരാണെങ്കിൽ ഒരുകാരണവശാലും രാവിലെ വെറുംവയറ്റിൽ ഗ്രീൻ ടീ കഴിക്കുകയേ അരുതെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. കാരണം ഇവരുടെ അവസ്ഥ കുറെക്കൂടി മോശമാക്കാൻ ഈ ശീലത്തിന് കഴിയും.
ഉദരസംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല, വെറുംവയറ്റിൽ ഗ്രീൻ ടീ കഴിക്കുന്നത് കൊണ്ട് വേറെയും ചില പ്രശ്നങ്ങൾ കൂടിയുണ്ട്.
രക്തത്തെ കട്ട പിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനിന്റെ അളവ് കുറയ്ക്കാൻ ഇത് ഇടയാക്കും. അതിനാൽ രക്തം കട്ട പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നഘങ്ങളുള്ളവരും രാവിലെ നിർബന്ധമായി ഗ്രീൻ ടീ ഒഴിവാക്കുക.
വിളർച്ചയുള്ളവരും ഗ്രീൻ ടീ പതിവായി കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം അയേൺ വലിച്ചെടുക്കുന്നതിന്റെ അളവ് വീണ്ടും കുറയ്ക്കാൻ ഗ്രീൻ ടീക്ക് കഴിയും. ഇത് വിളർച്ചയെ ഒന്നുകൂടി ബലപ്പെടുത്തും.
അതുപോലെ ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന കഫീൻ അഡ്രിനാൽ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നുണ്ട്. അഡ്രിനാൽ ഗ്രന്ഥിയാണ് സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവ ഉത്പാദിപ്പിക്കുന്നത്.
ആയതിനാൽ ഗ്രീൻ ടീ ചിലരിൽ രക്തസമ്മർദ്ദം ഉയർത്താനും നെഞ്ചിടിപ്പ് വർധിപ്പിക്കാനുമെല്ലാം ഇടയാക്കും. പ്രധാനമായും ഹൃദ്രോഗികളിലാണ് ഇത് സംഭവിക്കാറ്.
ഗ്രീൻ ടീ കഴിക്കുകയാണെങ്കിൽ ആദ്യം എന്തെങ്കിലും സ്നാക്സോ പഴങ്ങളോ കഴിച്ച് അൽപസമയം കഴിഞ്ഞ ശേഷം മാത്രം കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക