ചർമ്മസൗന്ദര്യത്തിന് കൃത്യമായ പരിപാലനം ആവശ്യമാണ്. ഇത് പതിവായി തന്നെ ചെയ്യേണ്ടതുമാണ്. അതിന് ആദ്യം വേണ്ടത് നമ്മുടെ സ്കിൻടൈപ്പ് ഏതാണ് എന്നറിയണം.
‘ഡ്രൈ സ്കിൻ’ ആണോ, ‘ഓയിലി സ്കിൻ’ ആണോ അതല്ലെങ്കിൽ ‘നോർമൽ’ ആണോ എന്നെല്ലാം എങ്ങനെ തിരിച്ചറിയാം? ഇതിനുള്ള ലളിതമായൊരു പരീക്ഷണമാണ് നിർദേശിക്കാനുള്ളത്. അതിന് മുമ്പായി പ്രധാനപ്പെട്ട ഏഴ് സ്കിൻ ടൈപ്പുകൾ കൂടി ഒന്ന് മനസിലാക്കാം.
1. നോർമൽ സ്കിൻ
2. ഓയിലി സ്കിൻ
3. ഡ്രൈ സ്കിൻ
4. കോമ്പിനേഷൻ സ്കിൻ
5. മുഖക്കുരു സാധ്യതയുള്ള സ്കിൻ
6. സെൻസിറ്റീവ് സ്കിൻ
7. പിഗ്മെന്റ് സ്കിൻ
ഇതിൽ ആദ്യ മൂന്ന് ടൈപ്പും മിക്കവരും കേട്ടിരിക്കും. ഇവയിൽ നിന്നെല്ലാം ഓരോ തരത്തിൽ വ്യത്യസ്തമാണ് അടുത്ത ടൈപ്പുകളെല്ലാം തന്നെ. ഇനി എങ്ങനെയാണ് സ്കിൻ ടൈപ്പ് കണ്ടെത്തേണ്ടത് എന്ന് വിശദമാക്കാം.
ഇതിനായി രാവിലെ ഉറക്കമുണർന്ന് വന്ന ശേഷം മുഖം സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഇനി ഒരു മണിക്കൂർ കാത്തിരിക്കാം. ശേഷം ഒരു ടിഷ്യൂ പേപ്പറുപയോഗിച്ച് പതിയെ തുടയ്ക്കുക. തുടച്ച ശേഷവും ടിഷ്യൂ പേപ്പർ ‘സ്മൂത്ത്’ ആയിത്തന്നെ ഇരിക്കുന്നുണ്ടെങ്കിൽ ഉറപ്പിക്കാം നിങ്ങളുടേത് ‘നോർമൽ സ്കിൻ’ ആണ്.
‘ഓയിലി സ്കിൻ’ ആണെങ്കിൽ മുഖം തുടച്ചുകഴിയുമ്പോൾ ടിഷ്യൂ പേപ്പറിൽ ഓയിൽ അടയാളങ്ങൾ വരും. സോപ്പുപയോഗിച്ച് മുഖം കഴുകി ഒരു മണിക്കൂറിന് ശേഷവും മുഖം ഡ്രൈ ആയി ഇരിക്കുകയാണെങ്കിൽ ‘ഡ്രൈ സ്കിൻ’ ആണെന്ന് ഉറപ്പിക്കാം. ഇനി കോമ്പിനേഷൻ സ്കിൻ ആണെങ്കിൽ മുഖം തുടക്കുമ്പോൾ നെറ്റി, മൂക്ക്, കവിൾ എന്നിവിടങ്ങളിൽ നിന്നായി ഓയിൽ ശേഷിപ്പ് ടിഷ്യൂ പേപ്പറിൽ പറ്റാം.
പെട്ടെന്ന് മുഖക്കുരു വരാൻ സാധ്യതയുള്ള സ്കിൻ ടൈപ്പ് തിരിച്ചറിയാൻ സ്കിൻ കെയർ ഉത്പന്നങ്ങൾ ഉപയോഗിച്ച ശേഷം സ്കിൻ പൊട്ടുകയോ പെട്ടെന്ന് ബാധിക്കപ്പെടുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണം. അങ്ങനെയെങ്കിൽ നിങ്ങളുടെ സ്കിൻ ടൈപ്പ് മുഖക്കുരു സാധ്യതയുള്ളതാണെന്ന് മനസിലാക്കാം.
അതുപോലെ തന്നെ സ്കിൻ കെയർ ഉത്പന്നങ്ങൾ ഉപയോഗിച്ച ശേഷം മുഖത്ത് തടിപ്പ് പോലെ ഉണ്ടാകുന്നുണ്ടെങ്കിൽ ‘സെൻസിറ്റീവ് ടൈപ്പ്’ ആണെന്ന് ഉറപ്പിക്കാം. മുഖത്ത് ഏതെങ്കിലും വിധേന ചെറുതായി തട്ടുകയോ, ഇടിക്കുകയോ ചെയ്യുമ്പോഴേക്ക് നിറം മാറുന്നുണ്ട് എങ്കിൽ ‘പിഗ്മെന്റ് സ്കിൻ’ ആണെന്നും ഉറപ്പിക്കാം.
സ്കിൻ ടൈപ്പ് ഒരു വ്യക്തിയിൽ തന്നെ മാറിവരാം. അക്കാര്യവും പ്രത്യേകം മനസിലാക്കുക. കാലാവസ്ഥാ വ്യതിയാനം, ഹോർമോൺ വ്യതിയാനം എന്നിങ്ങനെയുള്ള അവസ്ഥകളിലെല്ലാം സ്കിൻ ടൈപ്പ് വ്യത്യാസപ്പെട്ടേക്കാം. ഏത് ഘട്ടത്തിലും അവരവരുടെ സ്കിൻ ടൈപ്പിന് അനുസരിച്ച് മാത്രമേ സ്കിൻ കെയർ ഉത്പന്നങ്ങൾ ഉപയോഗിക്കാവൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക