2022 ലേക്കുള്ള പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കൽ പ്രക്രിയ സംസ്ഥാനത്ത് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന നവംബർ ഒന്നിന് ആരംഭിക്കും. 2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയാകുന്ന അർഹരായ എല്ലാ പൗരൻമാർക്കും സമ്മതിദായക പട്ടികയിൽ പേര് ചേർക്കുന്നതിനും, നിലവിലുള്ള സമ്മതിദായകർക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും അവസരം ലഭിക്കും.
കരട് സമ്മതിദായക പട്ടികയിലുള്ള അവകാശങ്ങൾ/എതിർപ്പുകൾ നവംബർ ഒന്നു മുതൽ 30 വരെ ഉന്നയിക്കാം. അപേക്ഷകളെല്ലാം www.nvsp.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. കരട് സമ്മതിദായക പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala. gov. in) ലഭ്യമാകും. കരട് സമ്മതിദായക പട്ടികയിലുള്ള അവകാശങ്ങളും എതിർപ്പുകളും ഉൾപ്പെട്ട ലിസ്റ്റ് അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ (തഹസിൽദാർ) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. ഇതിന്റെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് നൽകും. ലിസ്റ്റ് പ്രദർശിപ്പിച്ച് ഏഴ് ദിവസങ്ങൾക്കുശേഷം പരാതികളും അവകാശങ്ങളും തീർപ്പ് കൽപ്പിക്കും. 2022 ജനുവരി അഞ്ചിന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക