ഇസ്ലാമാബാദ്: താലിബാനെ പോലെ വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങളുമായി പാകിസ്താൻ. ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്റെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ വിജ്ഞാപനം പുറത്തിറക്കി. വനിതാ അധ്യാപകർ ജീൻസും ടൈറ്റ്സും ധരിക്കരുതെന്ന് വിജ്ഞാപനത്തിൽ പറയുന്നു. പുരുഷ അധ്യാപകരുടെ വസ്ത്രധാരണത്തെ കുറിച്ചും വിജ്ഞാപനത്തിൽ നിർദേശമുണ്ട്. പുരുഷ അധ്യാപകർ ജീൻസും ടി-ഷർട്ടും ധരിക്കരുതെന്നാണ് നിർദേശം.
ഈ വിഷയവുമായി ബന്ധപ്പെട്ട കത്ത് സ്കൂളുകളുടെയും കോളേജുകളുടെയും പ്രിൻസിപ്പാളുമാർക്ക് അക്കാഡമിക്സ് ഡയറക്ടർ തിങ്കളാഴ്ച അയച്ചതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്തിശുചിത്വത്തിലും മാന്യത പുലർത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കത്തിൽ നിർദേശമുണ്ട്. ഇതിന്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ മുടിവെട്ടുക, താടി വെട്ടിയൊതുക്കുക, നഖം മുറിക്കുക, കുളിക്കുക, ഡിയോഡറന്റോ സുഗന്ധലേപനമോ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക