ചെറുതോണി: ചെറുതോണി ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്മരം. കെഎസ്ഇബി ഇടപെട്ട് അതിവേഗത്തിൽ ഷട്ടർ അടച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.
ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. അണക്കെട്ടിൻറെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാൾ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് കണ്ടു. ആന നീന്തുന്നതാണെന്നാണ് ആദ്യം കരുതിയത്. കൂടുതൽ പരിശോധിച്ചപ്പോൾ വലിയ മരമാണെന്ന് മനസ്സിലായി.
ഉടൻ തന്നെ അണക്കെട്ടിലുണ്ടായിരുന്ന കെഎസ്ഇബി അസ്സിസ്റ്റൻറ് എൻജിനീയർ എം പി സാജുവിനെ അറിയിച്ചു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാൽ ഇതിനിടയിൽ മരം കുടങ്ങാനുള്ള സാധ്യത ഏറെയായിരുന്നു. മരം ഏതാണ്ട് ഷട്ടറിനടുത്ത് വരെ എത്തിയിരുന്നു. തുടർന്ന് അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരക്കടുപ്പിച്ചു. മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്.
തടിക്ക് എട്ടടിയിലധികം നീളവുമുണ്ട്. ഈ മരം കുടുങ്ങിയിരുന്നെങ്കിൽ ഷട്ടർ പിന്നീട് 4 മീറ്ററോളം ഉയര്‍ത്തേണ്ടി വന്നേനെ. മരം ഷട്ടറിൽ ഉടക്കിയാൽ ജലനിരപ്പ് 2373 ന് താഴെ എത്തിച്ചാലേ പുറത്തെടുക്കാൻ കഴിയൂ. ഇത് വൻ നഷ്ടത്തിനും പ്രളയത്തിനും കാരണമായേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക