സംസ്ഥാനത്തെ റോഡുകളുടെ നിലവാരം വർധിപ്പിക്കാനും തകർച്ച തടയുന്നതിനും നൂതന സാങ്കേതിക വിദ്യകളുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. ആറ് നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുക. ജിയോ സെല്‍സ്- ജിയോ ഗ്രിഡ്സ്, ഫുള്‍ ഡെപ്ത് റിക്ലമേഷന്‍, മൈക്രോ സര്‍ഫസിംഗ്, സെഗ്മെന്റല്‍ ബ്ലോക്ക്സ്, സോയില്‍ നെയിലിംഗ്, ഹൈഡ്രോ സീഡിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറയുന്നു.
പൊതുമരാമത്ത് വകുപ്പിലെ റോഡ് നിര്‍മ്മാണത്തില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. കിഫ്ബി പദ്ധതികളിലും ഈ നിര്‍മ്മാണ രീതികള്‍ ഉപയോഗിക്കും. ഇത് വിജയത്തിലെത്തിയാല്‍ എല്ലാ റോഡ് നിര്‍മ്മാണത്തിലും ഈ സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള റോഡിന്റെ ടാറും മെറ്റലും ഇളക്കി എടുത്ത് സിമന്റും പ്രത്യേകതരം പോളിമർ മിശ്രിതവും നിശ്ചിത അനുപാതത്തിൽ ചേർത്ത് കുഴച്ച് റോഡ് നിര്‍മ്മിക്കുന്നതാണ് ഫുള്‍ ഡെപ്ത് റിക്ലമേഷന്‍. വിവിധ തരം റോളറുകൾ ഉപയോഗിച്ച് കോംപാക്റ്റ് ചെയ്ത് റോഡു നിർമ്മിക്കുന്ന രീതിയാണ് ഈ സാങ്കേതിക വിദ്യയിൽ പ്രാവർത്തികമാക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന റോഡിന്റെ മുകളിൽ ഒരു ലെയർ ബിറ്റുമിനസ് കോൺക്രീറ്റ് നൽകുന്നതോടെ റോഡ് നിർമാണം പൂർത്തിയാകും. നിലവിലുള്ള ടാറും മെറ്റലും തന്നെ ഉപയോഗിക്കുന്നതിനാല്‍ അസംസ്കൃത വസ്തുക്കള്‍ക്ക് പരിസ്ഥിതിയെ ആശ്രയിക്കുന്നതും ഒരു പരിധി വരെ ഒഴിവാക്കാനാകും. മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള റോഡിന്റെ ആയുസ് വർദ്ധിപ്പിക്കാനായി ഉപയോഗിക്കുന്ന രീതിയാണ് മൈക്രോ സര്‍ഫസിംഗ് . റോഡിന്റെ മുകളിൽ നൽകുന്ന ചെറിയ കനത്തിലുള പ്രൊട്ടക്ടീവ് ലെയറാണ് ഇത്. ബിറ്റുമെൻ എമൽഷനിൽ ചെറിയ മെറ്റലുകൾ ചേർത്താണ് ഇത് നടത്തുന്നത്. റോഡില്‍ നിലവിലുളള ചെറിയ പൊട്ടലുകളും കുഴികളും സീല്‍ ചെയ്യാൻ ഈ രീതി ഉപയോഗിക്കുന്നു. അതുമൂലം റോഡ് ഈ ഭാഗങ്ങളില്‍ തകരുന്നത് ഒഴിവാക്കാനാകും. മണ്ണിന്റെ ഭാരം താങ്ങാനുള്ള ശേഷി കുറഞ്ഞ ഇടങ്ങളിൽ, ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് ജിയോ സെല്‍സ്- ജിയോ ഗ്രിഡ്സ് ഉപയോഗിക്കുന്നത്. പ്രീ-ഫാബ്രിക്കേറ്റ് ചെയ്തിട്ടുള്ള സെല്ലുകൾ പോലെയുള്ള പ്രത്യേകതരം മെറ്റീരിയൽ ഉപയോഗിച്ചുള്ള നിര്‍മ്മാണ രീതിയാണ് ഇത്.
ഉയരത്തിൽ മണ്ണ് താങ്ങി നിർത്താനായി വശങ്ങളിൽ പ്രത്യേകരൂപത്തിലുള്ള ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നതാണ് സെഗ്മെന്റല്‍ ബ്ലോക്ക്സ് റീടെയിനിംഗ് സംവിധാനം. സോയില്‍ നെയിലിംഗ് രീതിയില്‍ റോഡരികില്‍ മൺതിട്ടകളുള്ള സ്ഥലങ്ങളില്‍ അവ ഇടിഞ്ഞു വീഴാതിരിക്കാന്‍ ചെറിയ കനത്തിലുള്ള മതിലുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുക. മണ്ണൊലിപ്പ് തടയാനായി റോഡരികുകളില്‍ ചെടിയുടെ വിത്തുകൾ നട്ടു പിടിപ്പിക്കുന്ന രീതിയാണ് ഹൈഡ്രോസീഡിംഗ്. റോഡ് നിര്‍മ്മാണ രംഗത്ത് പുതിയ രീതികള്‍ കൊണ്ടു വരുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയില്‍ ഉറപ്പു നല്‍കിയിരുന്നു. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാരും റോഡ് നിര്‍മ്മാണത്തില്‍ ഇത്തരം സാങ്കേതികവിദ്യകളെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തീരുമാനം. അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക