പ്രളയ ദുരന്തകാലത്ത് കേരളം വിറങ്ങലിച്ച് നിന്നപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സജീവമായി എത്തിയ സൂപ്പര്‍ താരമാണ് ടൊവിനോ. എന്നാല്‍ ഇതൊക്കെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനോട് താരം പ്രതികരിക്കുകയും ചെയ്തിരുന്നു.
ടൊവിനോ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുന്നതോടെയാണ് പ്രളയം ആരംഭിക്കുന്നതെന്ന തരത്തിലുള്ള ട്രോളുകളും പ്രളയകാലത്ത് പ്രചരിച്ചിരുന്നു. കല്‍ക്കി അടക്കമുള്ള താരത്തിന്റെ സിനിമകള്‍ തിയേറ്ററില്‍ എത്തിയ സമയത്ത് പ്രളയം വന്നുവെന്ന പ്രചാരണങ്ങളും നടന്നിരുന്നു.
2021 ആയിട്ടും ഇപ്പോഴും പുരോഗമിക്കാത്ത ആളുകള്‍ ചുറ്റിലും ഉള്ള പോലെ തോന്നിയിട്ടുണ്ട് എന്നാണ് ഇത്തരം ട്രോളുകളോടുള്ള ടൊവിനോയുടെ മറുപടി. പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ താന്‍ ടാര്‍ഗെറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
പിന്നെ താന്‍ കാരണമാണ് മഴയും പ്രളയും വരുന്നത് എന്നുള്ള തരത്തിലൊക്കെ കഥകള്‍ ആളുകള്‍ പടച്ചു വിടുന്നത് എന്തിനാണ് എന്ന് തനിക്ക് ഇതുവരേയും മനസിലായിട്ടില്ല. പ്രളയം വരുത്താനും മഴ വരുത്താനും കഴിവുണ്ടായിരുന്നെങ്കില്‍ ആദ്യം ഇത്തരം കഥകള്‍ പറഞ്ഞ് പരത്തുന്നവരെ മുക്കി കൊന്നേനെ.
ഇത്തരം കഥകളില്‍ സത്യമില്ലെങ്കിലും ചിലരെങ്കിലും സത്യമാണെന്ന് വിചാരിച്ചേക്കും. അതില്‍ ഒരു ആപത്ത് താന്‍ കാണുന്നുണ്ട് എന്നാണ് ടൊവിനോ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക