പറവൂരിൽ വിസ്മയ (25) എന്ന യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിനു ശേഷം കാണാതായ സഹോദരി ജിത്തുവിനെ (22) എറണാകുളം മേനക പരിസരത്തു ബുധനാഴ്ച രാത്രി അലഞ്ഞു തിരിയുന്നതിനിടെ കണ്ടെത്തിയ പൊലീസിന് അവരെ തിരിച്ചറിയാൻ 15 മണിക്കൂർ വേണ്ടിവന്നു.
പരസ്പര വിരുദ്ധമായി സംസാരിച്ച ജിത്തുവിനെ വീടുവിട്ടിറങ്ങിയ ഏതോ പെൺകുട്ടിയെന്ന നിലയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പൊലീസ് കലക്ടറേറ്റിനു സമീപത്തെ ‘തെരുവു വെളിച്ചം’ ഷെൽറ്റർ ഹോമിലെത്തിച്ചത്.
താൻ ലക്ഷദ്വീപുകാരിയാണ് എന്നായിരുന്നു ജിത്തു ആദ്യം പറഞ്ഞത്. രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്ക് ആളെ മനസ്സിലായില്ല.
ഉച്ചയ്ക്കു ശേഷമാണ് പറവൂർ പൊലീസിനു വിവരം ലഭിക്കുന്നത്. അവർ തെരുവു വെളിച്ചം നടത്തിപ്പുകാരനായ തെരുവോരം മുരുകനെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. വിസ്മയ കേസിൽ അന്വേഷിക്കുന്ന പെൺകുട്ടിയാണെന്നു പൊലീസ് പറഞ്ഞില്ലെങ്കിലും തങ്ങളെത്തുന്നതുവരെ സുരക്ഷിതയായിരിക്കണമെന്ന് നിർദേശിച്ചു.
ഇതോടെ മുരുകനും സഹപ്രവർത്തകരും പെൺകുട്ടിയെ നിരീക്ഷണത്തിലാക്കി. തനിക്ക് ആൺ സുഹൃത്തിന്റെ കൂടെ പോകണമെന്നും ഇവിടെ നിന്നു വിട്ടയയ്ക്കണമെന്നും പെൺകുട്ടി മുരുകനോട് ആവശ്യപ്പെട്ടെങ്കിലും ആശ്വസിപ്പിച്ചു സ്ഥാപനത്തിൽ നിർത്തുകയായിരുന്നു.
സമീപ ഫ്ലാറ്റിലെ വീട്ടമ്മ അന്തേവാസികൾക്കായി കൊണ്ടുവന്ന പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂർ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത്.
പൊലീസിനെ കണ്ടപ്പോൾ ജിത്തു പതുങ്ങിയെങ്കിലും രക്ഷപ്പെടാൻ പഴുതില്ലാതിരുന്നതിനാൽ പൊലീസിനൊപ്പം പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക