കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്കിടാതെ റോഡിലിറങ്ങിയവർക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മാസ്ക് വിതരണം ചെയ്തു. ചെന്നൈ നഗരത്തിലിറങ്ങി മുഖ്യമന്ത്രി മാസ്ക് വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങൾ മുഖ്യമന്ത്രി സ്റ്റാലിനും ട്വീറ്റ് ചെയ്തു.
‘ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ക്യാമ്പ് ഓഫിസിലേക്ക് പോകുന്ന വഴിയാണ് പൊതുസ്ഥലത്ത് നിരവധി പേർ മാസ്കില്ലാതെ നിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. അവർക്ക് മാസ്ക് നൽകി. എല്ലാവരും ദയവ് ചെയ്ത് മാസ്ക് ധരിക്കുക. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് ഒമൈക്രോൺ രോഗബാധയടക്കം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സ്റ്റാലിന്റെ ഇടപെടൽ. അതേസമയം ഒമൈക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തിൽ കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.
കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താനാണ് യോഗം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക