എയര്‍ക്രാഷിലൂടെ തനിക്ക് അപകടം സംഭവിച്ചേക്കാം എന്ന പ്രവചനം സത്യമായതായി നടന് ദിലീപ്. സഹായിച്ചിരുന്നവര്‍ വരെ തനിക്കെതിരെ തിരിയുന്ന കാലമാണ് ഉണ്ടായത്. സംവിധായകന് ലാല്‍ജോസിന്റെ വീടിനടുത്തുള്ള ഒരാള്‍ തനിക്ക് അപകടം സംഭവിക്കുമെന്ന് പറഞ്ഞതിനെ കുറിച്ചാണ് ദിലീപ് വനിത മാഗസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
48-ാം പിറന്നാളിന് മുമ്പ് തനിക്ക് വലിയൊരു ആപത്ത് വരുന്നുണ്ടെന്നും മരണസന്ധിയാണ്, എയര്‍ ക്രാഷാണ് മനസില്‍ കാണുന്നത് എന്നൊക്കെ ലാല്‍ജോസിന്റെ വീടിനടുത്ത ഒരാള്‍ പറഞ്ഞു. അദ്ദേഹത്തെ താന്‍ പോയി കണ്ടിരുന്നു. പ്രാര്‍ഥനയില്‍ തെളിഞ്ഞതാണ് അതൊക്കെ എന്നാണ് അദ്ദേഹം പറഞ്ഞത്.
പിന്നീട് ഇതത്ര കാര്യമാക്കിയില്ലെങ്കിലും അമേരിക്കയില്‍ ഒരു ഷോ കഴിഞ്ഞ് മടങ്ങുമ്പോള്‍ വിമാനം എയര്‍പോക്കറ്റില്‍ പെട്ടു. റിമി ടോമിയും നാദിര്‍ഷയുമൊക്കെ കരച്ചിലായി. വിമാനം ഇപ്പോള്‍ തകരും, എല്ലാവരും മരിക്കും എന്നൊക്കെ കരുതി. പെട്ടെന്ന് ആ പ്രവചനമാണ് ഓര്‍മ്മ വന്നത്.
പിന്നീട് കേസിലൊക്കെ പെട്ടതിന് ശേഷം അയാളെ കണ്ടിരുന്നു. അന്ന് അയാള്‍ പറഞ്ഞത് മരണസന്ധി എന്നല്ല മരണം എന്ന് തന്നെയാണ്. ഇതും ഒരുതരം മരണം ആണല്ലോ. ദിലീപ് എന്ന വ്യക്തിയുടെ മരണമല്ലേ നടന്നത് എന്നാണ് അവര്‍ പറഞ്ഞത്. ജീവിച്ചിരിക്കുമ്പോള്‍ ഒരുപാട് പേര് കൊല്ലുന്നത് കാണാന്‍ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും ദിലീപ് പറയുന്നു.
അതേസമയം, കേശു ഈ വീടിന്റെ നാഥന് ആണ് ദിലീപിന്റെതായി റിലീസ് ചെയ്ത ചിത്രം. ഡിസംബര്‍ 31ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ കേശു എന്ന കഥാപാത്രത്തെ ആണ് ദിലീപ് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക