അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ടെറിഫിക് 22 മില്യന്‍ സീരിസ് 236 നറുക്കെടുപ്പില്‍ മലയാളി യുവതി വിജയിയായി. അബുദാബിയില്‍ താമസിക്കുന്ന ലീന ജലാലാണ് 44 കോടി രൂപയുടെ (2.2 കോടി ദിര്‍ഹം) ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്.
കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ മലയാളി, ഹരിദാസനാണ് ഇത്തവണ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്.
ജനുവരി 27ന് ഓണ്‍ലൈനായി എടുത്ത 144387 നമ്പര്‍ ബിഗ് ടിക്കറ്റിലൂടെ ലീന ജലാലിനെ വ്യാഴാഴ്ച രാത്രി യുഎഇയിലെ ഏറ്റവും പുതിയ കോടീശ്വരിയെന്ന ഭാഗ്യം തേടിയെത്തുകയായിരുന്നു.
ഇതാദ്യമായാണ് ലീന ബിഗ് ടിക്കറ്റെടുക്കുന്നത്. 14 സുഹൃത്തുക്കളൊപ്പം ചേര്‍ന്ന് എടുത്ത ടിക്കറ്റായതിനാല്‍ സമ്മാനത്തുകയും സുഹൃത്തുക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കും.
നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ ബിഗ് ടിക്കറ്റ് അവതാരകന് ലീനയെ ടെലിഫോണില്‍ വിളിച്ച് വിവരമറിയിച്ചു. സമ്മാന വിവരം അറിഞ്ഞപ്പോഴുള്ള ആ ഞെട്ടലില്‍ നിന്ന് ഇതുവരെയും താന്‍ മുക്തയായില്ലെന്ന് ലീന പറഞ്ഞു.
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. തന്റെ ഭാഗ്യ നമ്പര്‍ ഏഴായിരുന്നുവെന്നും അതുകൊണ്ടുതന്നെ ടിക്കറ്റില്‍ ആ സംഖ്യ ഉള്‍പ്പെടുത്തിയാണ് എടുത്തതെന്നും ലീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക