കൊച്ചി: മുൻ കേരള ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചർ തന്റെ റോൾ മോഡലും സൂപ്പർ സ്റ്റാറുമൊക്കെയാണെന്ന് തമിഴ് നടൻ സൂര്യ . ‘ജയ് ഭീം’ എന്ന ചിത്രം കണ്ട ശേഷം ഷൈലജ ടീച്ചർ വിളിച്ചെന്നും ആ കോൾ താനൊരിക്കലും മറക്കില്ലെന്നും സൂര്യ പറഞ്ഞു. ടീച്ചർ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് ഞങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്.
കേരളത്തിൽ നിന്നും നിരവധി പേരാണ് സിനിമ മികച്ചതെന്ന അഭിപ്രായം അറിയിച്ചത് കൂടുതൽ നല്ല ചിത്രങ്ങൾ ചെയ്യാനുള്ള പ്രചോദനമാണിതെന്നു പുതിയ ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സൂര്യ പറഞ്ഞു. തന്റെ പുതിയ ചിത്രമായ എതർക്കും തുനിന്തവന്റെ പ്രചാരണത്തിനായാണ് താരം കേരളത്തിൽ എത്തിയത്.
കേരളം എല്ലാ കാര്യത്തിലും മറ്റുളളവർക്ക് മാതൃകയാണെന്നും സൂര്യ പറഞ്ഞു. സാമൂഹിക മാറ്റത്തിന്റെ കാര്യത്തിലായാലും സിനിമയുടെ കാര്യത്തിലായാലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്.
ഹൈദരാബാദോ മുംബൈയിലോ എവിടെ പോയാലും മലയാള സിനിമകളെ കുറിച്ചാണ് കൂടുതൽ ചർച്ചകളും നടക്കാറ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ജോജിയും തുടങ്ങി മിന്നൽ മുരളി വരെയുള്ള ചിത്രങ്ങൾ അക്കാര്യം വ്യക്തമാക്കും. ആ വഴിയിലുള്ള ഞങ്ങളുടെ ശ്രമമാണ് ജയ് ഭീം പോലുള്ള ചിത്രങ്ങൾ സൂര്യ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക