കേരളത്തിന്റെ സ്വപ്നപദ്ധതി, വികസന പദ്ധതി എന്ന നിലയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ അകറ്റി നടപ്പിലാക്കണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു.
ദളിത് അവകാശ മുന്നേറ്റ സമിതി കേരള ഘടകത്തിന്റെ സംസ്ഥാന പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമായ സമയമെടുത്ത് സമാധാനപരമായ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞാൽ ജനങ്ങള്‍ സര്‍ക്കാരിനോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തും. വികസന പ്രവര്‍ത്തനങ്ങളെ അപ്പാടെ എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. യുഡിഎഫും ബിജെപിയും മറ്റു വർഗീയ സംഘടനകളും ഒത്തുചേർന്ന് എൽഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിക്കുന്നു.
ഇതിനെതിരെ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനങ്ങളെ അണിനിരത്തുമെന്നും പ്രകാശ് ബാബു പറഞ്ഞു.
ആരെയും വേദനിപ്പിച്ച് കെ റയിൽ മാത്രമല്ല, ഒരു പദ്ധതിയും നടപ്പിലാക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ കാട്ടുന്ന ധൃതിയും ചിലരുടെ സമീപനങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണ്. സർക്കാരിന്റെ ചില കാര്യങ്ങളില്‍ തിരുത്തലുകള്‍ വേണ്ടതുണ്ടെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക