പുനെ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ മുന്‍പന്തിയില്‍ സ്ഥാനമുള്ളയാളാണ് ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്‍ 1 ബൗളര്‍ ഐപിഎല്‍ പതിനഞ്ചാം സീസണിലെ കന്നി മത്സരത്തിന് എത്തിയപ്പോള്‍ കാര്യമായി തല്ലുവാങ്ങി.
എന്നാല്‍ കിട്ടിയതിനെല്ലാം ബാറ്റുകൊണ്ട് പലിശ സഹിതം തിരിച്ചുകൊടുക്കുന്ന കമ്മിന്‍സിനെയാണ് പിന്നീട് കണ്ടത്. ക്രിക്കറ്റ് ലോകം തെല്ലത്ഭുതത്തോടെയാണ് കമ്മിന്‍സിന്റെ ഈ വെടിക്കെട്ട് ശ്വാസമടക്കിപ്പിടിച്ച് വീക്ഷിച്ചത്.
14 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച മിന്നല്‍ ബാറ്റിംഗിനെ കുറിച്ച് അവിശ്വസനീയതയോടെയാണ് കമ്മിന്‍സ് മത്സരം കഴിഞ്ഞ് പ്രതികരിച്ചതും.
‘ആ ഇന്നിംഗ്സുകൊണ്ട് ഏറ്റവും കൂടുതല്‍ അത്ഭുതപ്പെട്ടയാള് ഞാനായിരിക്കും. മികച്ച പ്രകടനം പുറത്തെടുക്കാനായതില്‍ സന്തോഷമുണ്ട്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഇത്തരമൊരു പ്രകടനം കാഴ്ചവെക്കാനായി.
ഷോര്‍ട് ബൗണ്ടറിയുടെ ആനുകൂല്യം മുതലെടുക്കാനായിരുന്നു ശ്രമം. മെഗാതാരലേലം നടന്നതിനാല്‍ കഴിഞ്ഞ സീസണില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. മികച്ച ടീമിനെയാണ് കൊല്‍ക്കത്തയ്ക്ക് കിട്ടിയിരിക്കുന്നത്’ എന്നും കമ്മിന്‍സ് മത്സരശേഷം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക