കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറി. വിചാരണ കോടതി, ഹര്‍ജി ഈ മാസം 26 ന് പരിഗണിക്കാന്‍ മാറ്റി. ഇക്കാര്യത്തില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം അന്ന് ഫയല്‍ ചെയ്യണം.
ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ഹർജി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നു ഹർജിയിൽ അന്വേഷണസംഘം പറയുന്നു. അതേസമയം, ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസില്‍ അന്വേഷണ സംഘം യോഗം ചേരുകയാണ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
അതേസമയം, ദിലീപിന്റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക