നൂതനമായ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിൽ ശ്രദ്ധേയരായ സീവുഡ്സ് മലയാളി സമാജം ഇത്തവണ വിസ്മൃതികളിലാണ്ട ഗ്രാമച്ചന്ത പുനരാവിഷ്കരിക്കുന്നു. വെർച്വൽ മാർക്കറ്റ് പ്ലേസ് കണ്ട് ഭ്രമിച്ചിരിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു സവിശേഷമായ അനുഭവമായിരിക്കും ഈ ഗ്രാമച്ചന്ത.
ഞായറാഴ്ച്ച രാവിലെ ആറ് മുതൽ പതിനൊന്ന് വരെയാണ് ഗ്രാമച്ചന്ത, സീവുഡ്സിലെ നവി മുംബൈ മുനിസിപ്പാലിറ്റിയുടെ സി ബി എസ് ഇ സ്ക്കൂളിനടുത്തുള്ള ഗ്രൗണ്ടിലാണൊരുങ്ങുന്നത്.
ഓലമെടഞ്ഞ കടകളും, നാടൻ കളികളും, നാടൻ പാട്ടുകളും, മീൻപിടുത്തവുമൊക്കെ ചേർന്നാണ് ചന്തയൊരുക്കുന്നത്.
കാളവണ്ടിയും, ചായപ്പീടികകളും, മിഠായിക്കടകളും, പീപ്പിയും ബലൂണും, ചേനയും ചേമ്പുമൊക്കെയായി മഹാനഗരത്തിന്റെ കോലായിൽ ഒരു ഗ്രാമച്ചന്തയെ പുന:സൃഷ്ടിക്കുകയാണ് സീവുഡ്സ് മലയാളി സമാജം.
സമാജത്തിലെ അംഗങ്ങൾ തന്നെയാണ്ചന്തയിൽ വിൽക്കാനും വാങ്ങാനും ഓർമ്മകൾ അയവിറക്കാനും എത്തുന്നത്. ഒളി മങ്ങാത്ത ഒർമ്മകൾ തന്ന ഗ്രാമച്ചന്തയും അതിലൂടെ നടക്കുന്ന കാർഷികോത്പന്നങ്ങളുടെ വിപണനവും പുതിയ തലമുറയെ പഠിപ്പിക്കുക കൂടിയാണ് ഈ ചന്തയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക