വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞ വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോഴായിരുന്നു വരന്റെ വിഗ് തെന്നി മാറിയത്. ഇത് കണ്ട വധു വിവാഹം ഉപേക്ഷിക്കുകയായിരുന്നു. കഷണ്ടിയുള്ള കാര്യം വിവാഹത്തിന് മുന്‍പ് വരൻ പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചതാണ് വധുവിന്റെ പിന്മാറ്റത്തിന് കാരണം.
ബന്ധുക്കളെല്ലാം വധുവിനെ പറഞ്ഞ് മനസിലാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ലെന്നും ഡിഎൻഎ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ ഒടുവിൽ ലോക്കൽ പൊലീസും സംഭവത്തിൽ ഇടപെട്ടു. എന്നാൽ താൻ വിവാഹത്തിന് സമ്മതിക്കില്ലെന്ന നിലപാടിൽ വധു ഉറച്ചുനിന്നതോടെ പഞ്ചായത്ത് യോഗം വിളിക്കുകയും ചെയ്തു. ഒടുവിൽ വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ക്ക് ചെലവായ 5.66 ലക്ഷം രൂപ വരന്റെ വീട്ടുകാര്‍ നൽകി.
വിവാഹത്തിന് മുന്‍പ് കഷണ്ടിയുടെ കാര്യം പറഞ്ഞിരുന്നെങ്കിൽ വധുവടക്കമുള്ള ബന്ധുക്കൾ മാനസികമായി തയ്യാറാവുമായിരുന്നു. എന്നാൽ പെട്ടെന്നുള്ള ഞെട്ടലിലാണ് പെൺകുട്ടി. സത്യങ്ങൾ മറച്ചുവച്ച് ബന്ധങ്ങൾ തുടരാനാകില്ലെന്ന് വധുവിന്റെ അമ്മാവൻ പ്രതികരിച്ചു. അനുനയത്തിന് ശ്രമിച്ചെങ്കിലും വധു തയ്യാറായില്ലെന്നും, ഒടുവിൽ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക