സാംസങ് ഗാലക്സി എം സീരീസിന് കീഴിലുള്ള ബജറ്റ് സ്മാർട് ഫോൺ ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ചു.
5,000 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, ഫുൾഎച്ച്ഡി+ ഡിസ്പ്ലേ തുടങ്ങി ഫീച്ചറുകളുമായാണ് പുതിയ സാംസങ് ഗാലക്സി എം13 വരുന്നത്.
ഇതിൽ കമ്പനിയുടെ തന്നെ എക്സിനോസ് ചിപ്സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
പുതുതായി ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എം13 ൽ ഫുൾ എച്ച്ഡി+ റെസലൂഷനുള്ള 6.6 ഇഞ്ച് ഡിസ്പ്ലേ ആണ്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേ ഡിസൈൻ ഫീച്ചർ ചെയ്യുന്ന ഈ ഹാൻഡ്സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാനുള്ളത്.
പിൻ ക്യാമറ സജ്ജീകരണത്തിൽ എഫ്/18 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുന്നു. എഫ്/2.2 അപ്പേർച്ചറുള്ള 5-മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസറും എഫ്/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മുൻവശത്ത്, എഫ്/2.2 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ ഫിക്സഡ്-ഫോക്കസ് ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
4 ജിബി റാമും 128 ജിബി സ്റ്റോറേജും പിന്തുണയ്ക്കുന്ന എക്സിനോസ് 850 ആണ് പ്രോസസർ. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്. ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 12 ലാണ് പ്രവർത്തിക്കുന്നത്.
സാംസങ് ഗാലക്സി എം13 ൽ 5,000 എംഎഎച്ച് ആണ് ബാറ്ററി. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. സാംസങ്ങിന്റെ നോക്സ് മൊബൈൽ സെക്യൂരിറ്റി പ്ലാറ്റ്ഫോമിലാണ് ഈ ഉപകരണം വരുന്നത്.
4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.0 കണക്റ്റിവിറ്റി എന്നിവ പിന്തുണയ്ക്കുന്നു. ഗാലക്സി എം13 സ്മാർട് ഫോണിന്റെ ഔദ്യോഗിക വില സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡീപ് ഗ്രീൻ, ലൈറ്റ് ബ്ലൂ, ഓറഞ്ച് കോപ്പർ എന്നിവയുൾപ്പെടെ മൂന്ന് നിറങ്ങളിൽ ഹാൻഡ്സെറ്റ് വിൽപനയ്ക്കെത്തുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക