നിരവധി ഗുണങ്ങളുള്ള സീ ഫുഡ് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്നാണ് ഗവേഷകർ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനുകളിൽ ആവശ്യത്തിലേറെയുണ്ട്. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. സാൽമൺ ഫിഷിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലാണ്.
സാൽമൺ ഫിഷ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. സാൽമണിൽ 1.8 ഗ്രാം ഇക്കോസപ്പന്റാനോയ് ആസിഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, നീർക്കെട്ട്, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങൾക്ക് ഇതു നല്ലൊരു പ്രതിവിധിയാണ്. വൈറ്റമിൻ ഡി ധാരാളം മീനിലുണ്ട്.
സന്ധികളുടെ വളർച്ചയെ സഹായിക്കുന്നത് വഴി ആമവാതം പോലുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും. സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാകുന്ന നീർക്കെട്ടാണ് ആമവാതത്തിന്റെ കാരണം. സീ ഫുഡ് കഴിക്കുന്നതിലൂടെ ഈ രോഗങ്ങളെ അകറ്റിനിറുത്താനാകും.
മീനുകളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ കണ്ണുകളുടെ സംരക്ഷണത്തിന് നല്ലതാണ്. കണ്ണിന്റെ കാഴ്ചാശക്തി കൂടുന്നതിനു മാത്രമല്ല രാത്രിയിൽ കാഴ്ച കുറയുന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാകും. ഹൃദയത്തെ സംരക്ഷിക്കുന്നതിലും സീഫുഡ് വലിയ പങ്ക് വഹിക്കുന്നുണ്ട്.
ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാവശ്യമായ സിങ്ക് ,മീനുകളിൽ കൂടുതലാണ്. ഞണ്ട്, ഓയിസ്റ്റേഴ്സ് ഇവയിലാണ് സിങ്ക് കൂടുതലായുള്ളത്. തലച്ചോറിന്റെ വളർച്ചയ്ക്ക് മീനുകൾ കഴിക്കുന്നത് നല്ലതായതു കൊണ്ടുതന്നെ കുട്ടികളുടെ ഭക്ഷണത്തിൽ മീനുകൾ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നും ഗവേഷകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക