കണ്ണൂർ: കാർഷിക സംസ്കാരത്തിന്റെ പഴയകാല ഓർമ്മകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കൊണ്ട് നെല്ലു കുത്തു മത്സരം നടന്നു. കർഷകസംഘം കാങ്കോൽ പാനോത്ത് യൂണിറ്റ് സമരത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഒരു മത്സര പരിപാടി സംഘടിപ്പിച്ചത്.
വയലുകളിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന നെല്ല് പുഴുങ്ങിയ ശേഷം ഉരലിൽ കുത്തി പതിരും വേർതിരിച്ച് അരി വേർതിരിച്ച് ഒരു പഴയ തലമുറ ഇവിടെ ജീവിച്ചിരുന്നു. പുതുതലമുറക്കും ഇത് മനസ്സിലാക്കണം എന്ന് ഉദ്ദേശത്തോടുകൂടിയാണ് സംഘാടകർ ഇത്തരം വ്യത്യസ്തമായ മത്സര പരിപാടി നടത്തിയത്.
പഴയ കാലത്തിന്റെ തനിമ ചോരാതിരിക്കാൻ മുമ്പ് ഉപയോഗിക്കുകയും, കാലപ്പഴക്കത്തിന്റെ പ്രൗഡിയും, തനിമയും വിളിച്ചോതുന്ന തരത്തിലുള്ള ഉരലും ഉലക്കയും ആണ് മത്സരത്തിന് ഉപയോഗിച്ചു ഉള്ളത് എന്നതും ശ്രദ്ധേയമാണ്.
ഒരേ വേഗത്തിലും താളത്തിലും ഒത്തൊരുമയോടെ കൂടി വിവിധ പ്രായത്തിലുള്ള മത്സരാർത്ഥികൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചപ്പോൾ അത് പഴയ കാല കൂട്ടായ്മയുടെ മറ്റൊരു ഓർമ്മപ്പെടുത്തൽ കൂടിയായി.
കർഷക സംഘം പെരിങ്ങോം ഏരിയ സെക്രട്ടറി കെ പി ഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ വി ധനാജ്ഞയൻ, സി കെ രവി, ടി വി രാജീവൻ, കെ വി പവിത്രൻ, കെ രാമചന്ദ്രൻ, രാജീവൻ തുടങ്ങിയവർ സംസാരിച്ചു.