തിരുവനന്തപുരം: ആഴമുള്ള മുറിവുകളിലൂടെയുണ്ടാകുന്ന പേ വിഷബാധയെ വാക്സീൻ കൊണ്ടു മാത്രം പ്രതിരോധിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ മുറിവിൽ എടുക്കുന്ന ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പു കൂടി സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ.
നാഡീ ഞരമ്പുകളിലേക്ക് ധാരാളം വൈറസ് കയറാനിടയായാൽ മുറിവിൽ കുത്തിവയ്പ് എടുക്കാതെ വാക്സീൻ എടുത്തതുകൊണ്ടു മാത്രം രോഗത്തെ തടയാൻ കഴിയില്ലെന്ന് മഞ്ചേരി ഗവ.മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രഫ. ഡോ.അനീഷ് ടി.എസ്. പറയുന്നു.
നാഡീ ഞരമ്പുകൾ രോഗപ്രതിരോധശേഷിക്കു പിടികൊടുക്കാത്ത കോശങ്ങളാണ്. തലച്ചോർ ഉൾപ്പെടെയുള്ള നാഡീ കോശങ്ങളെ നമ്മുടെ തന്നെ രോഗപ്രതിരോധശേഷി നശിപ്പിച്ചു കളയാതിരിക്കാൻ സാധാരണ രോഗപ്രതിരോധ ശക്തിയിൽനിന്ന് ശരീരം മാറ്റി നിർത്തും.
ഉദാഹരണത്തിന്, നേരത്തേ ചിക്കൻപോക്സ് വന്നവർക്കു വീണ്ടും ആ രോഗം വരുന്നതു കാണാറുണ്ട്. ചിക്കൻപോക്സ് ഉണ്ടാക്കുന്ന വൈറസുകൾ നാഡീ ഞരമ്പുകളിൽ കടന്നുകൂടും.
വൈറസ് ഇരിക്കുന്നത് നാഡീ ഞരമ്പുകൾക്കുള്ളിൽ ആയതിനാൽ അതിനുള്ളിൽ കടന്ന് ശരീരത്തിലെ രോഗപ്രതിരോധശക്തിക്ക് അതിനെ ഒന്നും ചെയ്യാൻ കഴിയില്ല. ഈ പ്രതിഭാസം പേവിഷ ചികിൽസയിലും കണക്കിലെടുക്കണമെന്ന് അനീഷ് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക