എറണാകുളം സെന്റ് തെരേസാസിൽ ബിരുദാനന്തര ബിരുദത്തിൽ മികച്ച വിജയം കരസ്ഥമാക്കി നടി മാളവിക നായർ. ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഐച്ഛികമായി പഠിച്ചാണ് മാളവിക മികച്ച വിജയം നേടിയത്.
കലയോടൊപ്പം പഠനവും ഏറെ പ്രധാനപ്പെട്ടതാണെന്ന് മാളവിക പറയുന്നു. ജീവിതത്തിൽ പിന്നീടൊരിക്കലൂം നേടാൻ കഴിയാത്ത കോളജ് കാലം നഷ്ടപ്പെടാതിരിക്കാൻ എംഎക്ക് പഠിക്കുമ്പോൾ ഒരു ദിവസം പോലും ക്ലാസ് മുടക്കിയിട്ടില്ലെന്നും മാളവിക പറഞ്ഞു.
‘‘ഞാൻ തൃശൂർ സ്വദേശിയാണ്. പ്ലസ് ടു കഴിഞ്ഞപ്പോൾ ഞങ്ങൾ എന്റെ പഠന സൗകര്യത്തിനായി എറണാകുളത്തേക്ക് താമസം മാറിയിരുന്നു.
ബിഎക്കും എംഎക്കും എറണാകുളം സെന്റ് തെരേസാസിൽ ആണ് പഠിച്ചത്. ഒരു ദിവസം പോലും ക്ലാസ് നഷ്ടപ്പെടാതെയിരിക്കാൻ ഞാൻ ശ്രദ്ധിക്കുമായിരുന്നു.
പഠനം പൂർത്തിയാക്കി ഇപ്പോൾ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഹൈ ഡിസ്റ്റിങ്ഷൻ ഉണ്ടെന്നാണ് കോളജിൽ നിന്നു വിളിച്ചു പറഞ്ഞത്. ഇപ്പോൾ എല്ലാം ഗ്രേഡിങ് സിസ്റ്റം ആണല്ലോ.
എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ പഠനകാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. മാതാപിതാക്കളുടെ പിന്തുണ കൊണ്ടാണ് എനിക്കിപ്പോൾ ഈ വിജയം നേടാൻ കഴിഞ്ഞത് ഇത് അവർക്കുള്ള ഒരു സമ്മാനം കൂടിയാണ്.
കുഞ്ഞിലേ സ്കൂളിൽ പഠിക്കുമ്പോൾ നന്നായി പഠിക്കുമെങ്കിലും ഒരുപാട് ക്ലാസ് മുടങ്ങിയിരുന്നു. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്നതുവരെ ക്ലാസിൽ വല്ലപ്പോഴുമേ പോകാൻ കഴിഞ്ഞട്ടുള്ളൂ , അതുവരെ ഞാൻ ഒരുപാട് സിനിമകളിൽ സജീവമായിരുന്നു.
സ്കൂൾ ജീവിതത്തെക്കുറിച്ച് ചോദിച്ചാൽ എനിക്ക് പറയാൻ അധികമൊന്നുമില്ല. എനിക്ക് കോളജ് ജീവിതം ആസ്വദിക്കണം എന്നുള്ളതുകൊണ്ടാണ് ട്വൽത് കഴിഞ്ഞ് ഒരു ബ്രേക്ക് എടുത്തത്. ഈ പ്രായം കഴിഞ്ഞാൽ പിന്നെ കിട്ടുന്ന ജീവിതമല്ലല്ലോ അതൊന്നും.
അതാണ് അത്തരമൊരു തീരുമാനമെടുത്തത്. ഡിഗ്രിക്ക് പിടിക്കുമ്പോൾ കുറച്ചു ലീവ് ഒക്കെ എടുത്തിട്ടുണ്ട്. പക്ഷേ പിജി ആയപ്പോൾ ലീവ് ഒന്നും എടുത്തില്ല.
കോളജിൽ ആദ്യം പോകുമ്പോൾ എല്ലാവർക്കും ഒരു സിനിമാതാരം എന്ന നിലയിൽ ഒരു കൗതുകം ഉണ്ടായിരുന്നു. പക്ഷേ പിന്നെ സഹപാഠികൾ, എല്ലാവരുമായി നല്ല കൂട്ടുകാരായി.
എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ എല്ലാ ലക്ഷ്യങ്ങൾക്കും നല്ല സപ്പോർട്ട് ആണ്. അവർക്ക് സന്തോഷം കൊടുക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. മാളവിക പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക