ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ കഥ ആദ്യം കേട്ട് വേണ്ടെന്നു വച്ച ആളാണ് താനെന്ന് കുഞ്ചാക്കോ ബോബൻ.
എല്ലാവരുടെയും തീരുമാനങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ആ നഷ്ടത്തിന്റെ അനുഭവത്തിൽ സംവിധായകൻ രതീഷിനോട് ചോദിച്ച് മേടിച്ചതാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രമെന്നും ചാക്കോച്ചൻ പറഞ്ഞു.
ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ന്നാ താൻ കേസ് കൊട് എന്ന ചിത്രം തിയറ്ററിൽ വന്നു കണ്ടാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന സംശയം ഞങ്ങൾക്കില്ല. കാരണം ഇതൊരു നല്ല സിനിമയാണ് എന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ഒരുപാട് ടാലന്റുകൾ ഈ സിനിമയ്ക്കു പിന്നിലുണ്ട്.
ഈ സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാകും. അത് കാലഘട്ടത്തിനു മുന്നേ സഞ്ചരിച്ച ഒരു സിനിമയായിരുന്നു.
ആ പ്രമേയം ഏറ്റവും സാധാരണക്കാരന് ഇഷ്ടപ്പെടുന്ന രീതിയിൽ തിയറ്ററിൽ എത്തിച്ച സംവിധായകൻ ആണ് അദ്ദേഹം.
അതേ സിനിമയുടെ പ്രൊഡ്യൂസർ ആണ് സന്തോഷേട്ടൻ (സന്തോഷ് ടി. കുരുവിള). ആ ടീം വീണ്ടുമൊരു സിനിമ തിയറ്ററിൽ എത്തിക്കുമ്പോൾ അത് എത്രത്തോളം ആൾക്കാരിൽ എത്തും എന്ന് ഒരുറപ്പ് എനിക്കുണ്ടായിരുന്നു.
ആഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ എന്നോട് ആദ്യം വന്നു പറഞ്ഞപ്പോൾ പറ്റില്ല എന്നു പറഞ്ഞിരുന്നു. ആ സിനിമ തീയറ്ററിൽ വൻ വിജയമായി. എല്ലാവരുടെയും തീരുമാനങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല എന്നത് നേരിട്ട് അനുഭവിച്ച ആളാണ് ഞാൻ. കുറേ തവണ അങ്ങനെ പറ്റിയിട്ടുണ്ട്.
ടാലന്റ് ഉളളവരെ തിരിച്ചറിഞ്ഞാൽ വൈകിയാണെങ്കിലും ഞാൻ അവരെപോയി കാലുപിടിക്കും. രതീഷിനോട് അടുത്ത പടം നിങ്ങൾ എന്നെ വച്ച് ചെയ്യണം എന്ന് പറഞ്ഞു ചോദിച്ചു മേടിച്ച സിനിമയാണ് ഇത്.
ഇതിനു മുൻപ് ഞാൻ ചോദിച്ചു മേടിച്ച സിനിമ നായാട്ട് ആണ്. എന്റെ സിനിമാ കരിയറിലെ ഏറ്റവും നല്ല സിനിമയായി അത് മാറി. ഇതും അങ്ങനെ തന്നെ ആകും എന്ന് എനിക്ക് വിശ്വാസമുണ്ട്.
മുൻപ് നിങ്ങൾ എന്നെ കണ്ടിട്ടുള്ള രൂപത്തിലും ഭാവത്തിലുമൊന്നുമല്ല ഈ ചിത്രത്തിലെ രാജീവൻ എന്ന കഥാപാത്രം. ടീസറുകളിൽ നിങ്ങൾ എല്ലാം കണ്ടിട്ടുള്ളതാണ്. ആ രീതിയിൽ എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു സിനിമയും കഥാപാത്രവുമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്.
അതിന്റെ ചെറിയ സൂചന എന്ന് പറഞ്ഞാൽ, നിറം അല്ലെങ്കിൽ അനിയത്തിപ്രാവ് പോലെയുള്ള സിനിമകൾ റിലീസ് ചെയ്തപ്പോൾ ഒരു ചോക്ലേറ്റ് ബോയ് എന്ന ഇമേജ് ആയിരുന്നു എനിക്ക്. അന്നുമുതൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ ആയിരുന്നു എന്റെ ആരാധകർ.
പക്ഷേ ഈ സിനിമയിലേക്ക് വരുമ്പോൾ അത് മാറി. ആ പാട്ട് റിലീസ് ആയി കഴിഞ്ഞത് മുതൽ ഞാൻ പുറത്തിറങ്ങിയാല് ചേട്ടൻമാർ മുതൽ പ്രായഭേദമന്യേ പലരും ‘‘അനിയാ എന്ത് സാധനം അടിച്ചിട്ടാ ഡാൻസ് ചെയ്തേ’’ എന്ന് ചോദിക്കുന്ന രീതിയിൽ അല്ലെങ്കിൽ അവർക്ക് പിറക്കാതെ പോയ ഒരു അനിയൻ എന്ന രീതിയിൽ കാണാൻ തുടങ്ങി.
ഒരു നടൻ എന്ന രീതിയിൽ അതൊരു സന്തോഷം തരുന്ന കാര്യമാണ്. മുൻപോട്ടുള്ള യാത്രയിൽ എനിക്ക് അതൊരുപാട് ഊർജ്ജം തരുന്നുണ്ട്.
ഒരു പ്രത്യേക ഇമേജിൽ തളയ്ക്കപ്പെടാതെ നല്ല നല്ല സിനിമകളിൽ ഭാഗമാകാൻ ശ്രമിക്കുമ്പോൾ അതിന്റെ തുടർച്ചയായി നല്ല നല്ല സിനിമകൾ സംഭവിക്കുകയും കഥാപാത്രങ്ങൾ ഉണ്ടാവുകയും ചെയ്യും.
ആ സിനിമകളും കഥാപാത്രങ്ങളും എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷമുണ്ട്.
അതിന്റെ ഒരു സന്തോഷവും ഉത്തരവാദിത്തവും എനിക്കുണ്ട് അത് പ്രേക്ഷകരിലേക്ക് എങ്ങനെയാണു തിരിച്ചു കൊടുക്കുന്നത് എന്ന് നോക്കുമ്പോൾ അത് നല്ല സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും ആകണം എന്നാണ് ഞാൻ കരുതുന്നത്.
സിനിമ ആസ്വദിക്കാനുള്ള മാധ്യമമാണ് ആ രീതിയിൽ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയും അതിലെ രാജീവ് എന്ന കഥാപാത്രവും എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.’’–ചാക്കോച്ചൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക