പയറോ കടലയോ എല്ലാം തയ്യാറാക്കണമെങ്കില്‍ ഇവ നമ്മള് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കാറാണ് പതിവ്. അപ്പോള്‍ മാത്രമേ കൃത്യമായി വെന്തുവരികയും ആ രുചി ലഭിക്കുകയുമുള്ളൂ. മാത്രമല്ല മൃദുവായിരിക്കുന്നതിനും ഇവ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കേണ്ടതുണ്ട്.
എന്നാല്‍ ചിലപ്പോഴെങ്കിലും നമ്മള് രാത്രിയില്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കാന്‍ മറന്നുപോകാറില്ലേ? പെട്ടെന്ന് പകല്‍, പാചകത്തിനൊരുങ്ങുമ്പോഴായിരിക്കും ഇക്കാര്യം ഓര്‍മ്മിക്കുക. അല്ലെങ്കില്‍ അത്യാവശ്യമായി പാകം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ കുതിര്ത്തുവയ്ക്കാനുള്ള സമയം കിട്ടാറില്ലല്ലോ!
അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്. പയറോ കടലയോ എന്തുമാകട്ടെ, അത് ആദ്യം നന്നായി കഴുകി മാറ്റിവയ്ക്കുക. ശേഷം ഒരു കപ്പ് വെള്ളം വലിയൊരു പാത്രത്തിലൊഴിച്ച് അതൊന്ന് തിളപ്പിക്കുക.
ഇനി ഇത് വാങ്ങിവച്ച്, ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന പയറോ കടലയോ എന്താണെങ്കിലും അത് ചേര്‍ത്ത ശേഷം ഒരു അടപ്പ് കൊണ്ട് പാത്രം നന്നായി അടച്ചുവയ്ക്കുക. എന്നിട്ട് മുകളില്‍ എന്തെങ്കിലും ഭാരമുള്ളത് വയ്ക്കുക. അല്ലെങ്കില്‍ ഇത് ഒരു എയര്‍ടൈറ്റ് കണ്ടെയ്നറിലേക്ക് മാറ്റുകയുമാവാം.
ഇനിയിത് പതിനഞ്ച്- ഇരുപത് മിനുറ്റ് നേരത്തേക്ക് അങ്ങനെ വയ്ക്കാം. വെള്ളം ചൂടാറിക്കഴിഞ്ഞാല്‍ പാത്രം തുറന്നുനോക്കാം. രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ചത് പോലെ തന്നെ ‘സോഫ്റ്റ്’ ആയും പാകം ചെയ്യാന്‍ തയ്യാറായും കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക