മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ.
കഴിച്ച ഭക്ഷണങ്ങളെ നേരാംവണ്ണം ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാത്തതു വഴി ശരീരത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഭക്ഷ്യജന്യരോഗങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
ലക്ഷണങ്ങൾ
ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകൾക്കുള്ളിലോ ചിലപ്പോൾ ഒരുദിവസം വരെ നീണ്ടുനിൽക്കുന്ന ഇടവേളയ്ക്കുശേഷമോ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
വയറുവേദന
ഓക്കാനം
ഛർദ്ദി
വയറിളക്കം
പനി
മറ്റു ലക്ഷണങ്ങൾ
വിശപ്പ് കുറയുന്നത്
ക്ഷീണവും ബലഹീനതയും
തലവേദന
അടിവറിന്റെ ഭാഗങ്ങളിൽ വേദന
തുടർച്ചയായ വയറിളക്കം
കാരണങ്ങൾ
ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലം.
ഭക്ഷണം പഴകുമ്പോഴുണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ചമൂലം.
പൊടിപടലങ്ങളിൽനിന്നും മലിന ജലത്തിൽനിന്നും ബാക്ടീരിയ ഭക്ഷണത്തിൽ കലരുന്നതു മൂലം.
ഭക്ഷണം പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവും, ഭക്ഷണത്തെ വിഷമയമാക്കി അണുബാധയിലേക്ക് വഴിയൊരുക്കുന്നു.
അണുബാധകൾ
ബാക്ടീരിയ
വൈറസുകൾ
പാരാസൈറ്റുകൾ
ബാക്ടീരിയ
സാൽമൊണെല്ല ബാക്ടീരിയയാണ് ശരീരത്തിൽ ഭക്ഷ്യവിഷ ബാധ ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രധാനി. പ്രത്യേകിച്ച് മുട്ട, മയോണൈസ്, ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ ശരിയായി പാകം ചെയ്യാതെ കഴിക്കുന്നത് വഴിയാണ് ഇത് ഉണ്ടാവുന്നത്. കൂടാതെ , ഇ കോളി
സക്യാമ്പിലോബോക്റ്റർ, സി. ബോട്ടുലിനം തുടങ്ങി നിരവധി ബാക്റ്റീരിയകളുണ്ട് .
വൈറസുകൾ:
നോർവാക്ക് , നോറോവൈറസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന വൈറസ് പ്രതിവർഷം 19 ദശലക്ഷത്തിലധികം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സപ്പോ വൈറസ്, റോട്ട വൈറസ്, ആസ്ട്രോ വൈറസ് എന്നിവയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന മറ്റ് സാധാരണ വൈറസുകൾ. ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസുകളും ഭക്ഷണത്തിലൂടെ പകരാൻ സാധ്യതയുള്ളതാണ്.
പാരസൈറ്റുകൾ:
പാരസെറ്റുകൾ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധ ആളുകളിൽ കണ്ടു വരുന്നത് പൊതുവെ കുറവാണെങ്കിലും ഇത് മാരകമായ ഒന്നാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പാരസെറ്റുകൾ നമ്മുടെ ശരീരത്തിൽ വർഷങ്ങളോളം കണ്ടുപിടിക്കപ്പെടാത്ത ഒന്നായി തുടരാം. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിലും, ഗർഭിണികളിലും ഇവ ഗുരുതരമായ പാർശ്വഫലങ്ങൾക്കു കാരണമാകാറുണ്ട്.
മുൻകരുതലുകൾ
ഭക്ഷണം വളരെ നേരത്തെ പാചകം ചെയ്യുന്നത് ഒഴിവാക്കുക.
പാകം ചെയ്തുകഴിഞ്ഞാൽ, ഭക്ഷണം കഴിക്കാൻ സമയമാകുന്നതുവരെ മൂടിവെച്ച് ചൂടോടെ സൂക്ഷിക്കണം. ഭക്ഷണം നല്ല രീതിയിൽ എല്ലായ്പ്പോളും ഈച്ച, ഉറുമ്പ് , പല്ലി, എലി, പാറ്റ എന്നിവ കടക്കാത്ത തരത്തിൽ സൂക്ഷിക്കുക.
• ശുചിത്വമാണ് പ്രധാനം. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
• കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയശേഷമേ ഭക്ഷണം പാചകംചെയ്യാവൂ.
• ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ വൃത്തിയുള്ളതായിരിക്കണം.
• പച്ചക്കറി, മീൻ, മുട്ട, ഇറച്ചി തുടങ്ങിയവ പാചകംചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ വേസ്റ്റ് ബാസ്കറ്റിലിട്ട് യഥാസമയം പുറത്തുകളയണം. വേസ്റ്റ് ബാസ്കറ്റ് എല്ലാ ദിവസവും വൃത്തിയാക്കി വെക്കണം.
• ഈച്ചശല്യം ഒഴിവാക്കണം.
• ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി എന്നിവ ഉപയോഗിക്കരുത്.
• പച്ചക്കറികൾ ഉപ്പും വിനാഗിരിയും ചേർത്ത വെള്ളത്തിലിട്ട് നന്നായി കഴുകി ഉപയോഗിക്കുക.
• കേടായ ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
• പാചകംചെയ്ത ആഹാരപദാർഥങ്ങൾ തുറന്നുവെക്കരുത്.
• കുടിക്കാനും പാചകംചെയ്യാനുമായി ശുദ്ധവെള്ളം മാത്രം ഉപയോഗിക്കുക.
• കാലാവധി കഴിഞ്ഞ ആഹാര പദാർഥങ്ങൾ ഉപയോഗിക്കരുത്.
• ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയിലും വെടിപ്പിലും സൂക്ഷിക്കുക.
• വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലിൽനിന്നു മാത്രം ആഹാരം കഴിക്കുക.
• യാത്രകളിൽ കഴിയുന്നതും സസ്യാഹാരം മാത്രം കഴിക്കുക.
ചികിത്സ
അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കിൽ രണ്ട്, മൂന്ന് മണിക്കൂറിൽ ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, ഒ.ആർ.എസ്. ലായനി തുടങ്ങിയവ കുടിക്കാൻ നൽകണം. ശരീരത്തിൽ ജലാംശം കുറയാതെ നോക്കണം.
ഛർദ്ദി ആവർത്തിക്കുക, ഒരുദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളർന്ന് അവശനിലയിലാവുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തിൽ രക്തത്തിന്റെ അംശം കാണുക എന്നീ ലക്ഷണങ്ങൾ കണ്ടാലുടനെ ആശുപത്രിയിൽ എത്തിക്കണം.
ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണത്തിനു വരെ കാരണ മായേക്കാവുന്ന ഒന്നാണ് . ചെറിയൊരു അശ്രദ്ധ മതി നമ്മുടെ ജീവനെടുക്കാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക