മലയാളത്തിലെ നിരാശാകാമുകന്മാര്ക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്.1962ലാണ് മാധവന് നായര് എന്ന മധു മൂടുപടമെന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കു കടന്നുവരുന്നത്.
മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളർച്ചയ്ക്കൊപ്പം സഞ്ചരിച്ച മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് 89 മത് പിറന്നാൾ.
ചെമ്മീനിലെ പരീക്കുട്ടി, ഭാർഗവിനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻ പ്രേമത്തിലെ ഇക്കോരൻ, ഏണിപ്പടികളിലെ കേശവപിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ സെല്ലുലോയ്ഡിൽ മധു പകർന്ന ഭാവതീക്ഷ്ണതകൾ സുവർണ ലിപികളിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.
1933 സെപ്റ്റംബർ 23നാണ് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി മധുവിന്റെ ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ ST ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അധ്യാപകൻ ആയി സേവനമനുഷ്ഠിച്ചു.
1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക