കിങ്സ് കപ്പ് മത്സരത്തിനിടെ ഗോളടിക്കാനാകാത്തതിന്റെ നിരാശ പന്തില്‍ തീര്‍ത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേഷ്യം പരസ്യമാക്കിയതോടെ ഓടിയെത്തിയ റഫറി താരത്തിന് നേരെ മഞ്ഞ കാര്‍ഡ് ഉയര്‍ത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അല്‍ നസറിലെത്തിയ ശേഷം ഇത് ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മഞ്ഞ കാര്‍ഡ് ലഭിക്കുന്നത്.
87ാം മിനിറ്റില്‍ താരത്തെ അല്‍ നസര്‍ ക്ലബ് സബ്സ്റ്റിറ്റിയൂട് ചെയ്തു. നിരാശയോടെയാണ് താരം ബെഞ്ചിലേക്ക് മടങ്ങിയത്. എന്നാൽ അല്‍ നസര്‍ എഫ്സിയുടെ പോര്‍ചുഗല്‍ സൂപ്പർ താരം ഗോളടിച്ചില്ലെങ്കിലും കിങ്സ് കപ്പ് ക്വാര്‍ട്ടറില്‍ അബ ക്ലബ്ലിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ വിജയിച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ സമി അല്‍ നാജെയിലൂടെ മുന്നിലെത്തിയ അല്‍ നസര്‍ അബ്ദുല്ല അല്‍ ഖൈബാരി (21), മുഹമ്മദ് മാരന് (49) എന്നിവരിലൂടെ ഗോള്‍ നേട്ടം മൂന്നാക്കി. രണ്ടാം പകുതിയില്‍ അബ്ദുല്‍ ഫത്താ ആദം അഹമ്മദിലൂടെ (69) അബ ആശ്വാസ ഗോള്‍ നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടാനാകാതെ പോയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരാശയോടെയാണ് മൈതാനം വിട്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് റഫറി വിസില്‍ മുഴക്കിയപ്പോള്‍ റൊണാള്‍ഡോ പന്ത് പുറത്തേക്ക് അടിക്കുകയായിരുന്നു.അല്‍ നസര്‍ ക്ലബിനുവേണ്ടി എട്ട് കളികളില്‍നിന്ന് എട്ട് ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക