ഡല്‍ഹി: ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികൾ തീരുമാനിക്കാൻ മഹാ ഖാപ് പഞ്ചായത്ത് ഇന്ന്. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ 5 ദിവസത്തെ സമയമാണ് അന്തിമമായി ഗുസ്തി താരങ്ങൾ നൽകിയിരിക്കുന്നത്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗുസ്തി താരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ബ്രിജ്ഭൂഷണെതിരായ താരങ്ങളുടെ സമരം മുന്നിൽ നിന്ന് നയിക്കാൻ ആണ് കർഷക സംഘടനകൾ ഒരുങ്ങുന്നത്. കർഷക സംഘടനകൾ നൽകിയ ഉറപ്പിന്മേൽ ആണ് ഇന്നലെ മെഡലുകൾ ഗംഗയിൽ ഒഴുക്കാതെ താരങ്ങൾ മടങ്ങിയത്.
ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉൾപ്പടെയുള്ള സമരപ്രഖ്യാപനങ്ങൾ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചർച്ച ചെയ്യും. മുൻപ് മേയ് 23ന് മുൻപ് ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർഷക നേതാക്കൾ കൂടി ഭാഗമായ കായിക താരങ്ങളുടെ സമര ഉപദേശക സമിതി സമരം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് നടന്നില്ലെങ്കിൽ ഡൽഹിയുടെ അതിർത്തികൾ വളയാൻ ആയിരുന്നു അന്നത്തെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക