ബംഗളൂരു: കാർ ഡ്രൈവറെ അടിച്ചുകൊന്ന് ടോൾ പ്ലാസ ജീവനക്കാരൻ. ബംഗളൂരു-മൈസൂരു എക്സ്പ്രസ്വേയിൽ ശേഷാഗിരിഹള്ളി ടോൾപ്ലാസയിലാണ് സംഭവം. ബംഗളൂരു സൗത്തിലെ കരിക്കൽ താണ്ട്യ സ്വദേശി പവൻ കുമാർ(26) കൊല്ലപ്പെട്ടത്. ടോളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കര്‍ണാടകയിലെ രാമനഗര്‍ ജില്ലയിലാണ് സംഭവം. പവൻ കുമാറും സുഹൃത്തുക്കളും എക്സ്പ്രസ്വേ വഴി മൈസൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചതായിരുന്നു. രാത്രി ഒൻപതു മണിയോടെയാണ് ഇവർ ശേഷാഗിരിഹള്ളി ടോൾപ്ലാസയിലെത്തിയത്. തുടർന്നായിരുന്നു ടോൾ നൽകുന്നതുമായി ബന്ധപ്പെട്ട് പവന്റെ സുഹൃത്തുക്കളും ടോൾപ്ലാസ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. ഇത് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ നാട്ടുകാർ ഇടപെട്ട് രണ്ടുസംഘത്തെയും പിന്തിരിപ്പിച്ചു.
തുടർന്ന് പവനും സുഹൃത്തുക്കളും ഇവിടെനിന്നു തിരിച്ചെങ്കിലും ടോൾജീവനക്കാർ ഇവരുടെ വാഹനം പിന്തുടർന്നു. അൽപംകൂടി മുന്നോട്ടുപോയി കാർ ടോൾ ജീവനക്കാർ തടയുകയും ഹോക്കി വടികളുമായി ഇവരെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് മർദനമേറ്റ് പവൻ കുമാർ മരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക