പഠനങ്ങളും ഗവേഷണങ്ങളും അനുസരിച്ച്, നാരങ്ങകൾ പോഷക സമ്പുഷ്ടവും കുറഞ്ഞ കലോറിയും ഉള്ള ഫലമാണ്. ഒരു ഇടത്തരം ചെറുനാരങ്ങ പ്രതിദിനം ആവശ്യമായ വിറ്റാമിൻ സിയുടെ 76 ശതമാനം വരെ നൽകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, ഏകദേശം 17 കലോറി മാത്രമേ ഇവയിൽ ഉള്ളൂ. കൂടാതെ, നാരങ്ങയിൽ പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവയുൾപ്പെടെ ആവശ്യമായ മറ്റ് പോഷകങ്ങളും ഉൾപ്പെടുന്നു. അതിനാൽ നാരങ്ങ വെള്ളം പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കുന്നതെങ്ങനെ?
കലോറി കുറവ്: മറ്റ് ജ്യൂസുകളെയും പാനീയങ്ങളെയും അപേക്ഷിച്ച് നാരങ്ങ വെള്ളത്തിൽ കലോറിയുടെ അളവ് വളരെ കുറവാണ്. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിൽ 113 കലോറിയും കാൻ ഡ്രിങ്കിസിൽ 160 കലോറിയും ഉള്ളപ്പോൾ, ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത ഇടത്തരം നാരങ്ങയുടെ നീരിൽ ഏകദേശം എട്ട് കലോറി മാത്രമേ ഉള്ളൂ. ജ്യൂസ് അല്ലെങ്കിൽ സോഡയ്ക്ക് പകരം നാരങ്ങാവെള്ളം ഉപയോഗിച്ച് നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യാം.
വിശപ്പ് കുറയ്ക്കുന്നു: ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് വിശപ്പ് കുറവ് തോന്നിക്കാൻ സഹായിക്കുകയും ഇത് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പഠനങ്ങൾ അനുസരിച്ച്, ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഭക്ഷണ സമയത്തും ശേഷവും വിശപ്പ് കുറവും അനുഭവപ്പെടാൻ സഹായിക്കും.
ഉപാപചയപ്രവർത്തനം മികച്ചതാക്കുന്നു: നാരങ്ങ നീരും വെള്ളവും അടങ്ങിയിരിക്കുന്നതിനാൽ നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാൻ സാധിക്കും. ദിവസത്തിൽ പലതവണയായി നാരങ്ങാ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
നാരങ്ങാവെള്ളം ഉണ്ടാക്കാൻ ഒരു പകുതി നാരങ്ങയുടെ നീര് സാധാരണയായി 250 മില്ലി കപ്പിലോ ഒരു ഗ്ലാസ് വെള്ളത്തിലോ ചേർക്കുക. ഇതിനൊപ്പം നിങ്ങൾക്ക് നാരങ്ങ വെള്ളം കൂടുതൽ രുചികരമാക്കാൻ പുതിന ഉപയോഗിക്കാം. കുറച്ച് വെള്ളരിക്ക കഷ്ണങ്ങൾ നാരങ്ങ വെള്ളത്തിൽ ചേർക്കാം. വെള്ളരിക്കയിൽ കലോറി കുറവാണ്. ഒരു കഷ്ണം ഇഞ്ചിയോ മഞ്ഞളോ ചേർക്കാം. ഇവ പൊടിയായും ചേർക്കാം. മൂന്നോ് നാലോ ബ്ലൂബെറി ചേർത്തും നാരങ്ങാ വെള്ളം കുടിക്കാം. എന്നാൽ, തേൻ, പഞ്ചസാര തുടങ്ങിയ മധുരങ്ങൾ ചേർക്കരുത്. അങ്ങനെ ചെയ്യുന്നത് കലോറിയുടെ അളവ് വർധിപ്പിക്കും. ഇത് ശരീരഭാരം കുറയ്ക്കാനുള്ള മിക്ക ഗുണങ്ങളെയും ഇല്ലാതാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക